കോട്ടയം: കോട്ടയം കാണക്കാരി ജെസി സാം കൊലക്കേസിൽ പ്രതി സാം കെ ജോർജുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊല്ലപ്പെട്ട ജെസി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എംജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി. സാം ജോർജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. സർവകലാശാലയിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്‍റിന് സമീപത്തുള്ള പാറക്കുളത്തിലാണ് സാം കെ. ജോർജ് ജെസിയുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത്. രണ്ട് മണിക്കൂറോളം സ്കൂബ ഡൈവേഴ്സ് തെരച്ചിൽ നടത്തിയ ശേഷമാണ് മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞത്. കേസിലെ നിർണായക തെളിവാണ് ജെസി ഉപയോഗിച്ച മൊബൈൽ ഫോൺ. രണ്ട് ഫോണുകളാണ് ജെസി ഉപയോഗിച്ചിരുന്നത്. ഒരെണ്ണം ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാണക്കാരിയിലെ വീട്ടിൽ വെച്ച് ജെസിയെ കൊന്ന് തൊടുപുഴയിലെ കൊക്കയിൽ മൃതദേഹം ഉപേക്ഷിച്ചതിന് ശേഷമാണ് സാം മൊബൈൽ എംജി സർവകലാശാലയിലെ കുളത്തിൽ എറിഞ്ഞത്. ജെസിയെ കൊല്ലാൻ ഉപയോഗിച്ച തോർത്തുകൾ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ മറ്റ് സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. നാളെ ഇയാളുടെ കസ്റ്റഡി കാലവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. പൊലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യത കുറവാണ്. സാമും ജെസിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ, എന്താണ് കൃത്യമായ പ്രശ്നങ്ങൾ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഇവരുടെ മക്കളുടേയും ബന്ധുക്കളുടേയും വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തും.