കാൺപൂർ: യുപിയിലെ കാൺപൂരിൽ സ്ഫോടനം. മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. നാലുപേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. ഏറ്റവും തിരക്കേറിയ കമ്പോളങ്ങളിലൊന്നായ മെസ്‌റ്റൺ റോഡിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മൂൽഗഞ്ചിലെ മിശ്രി ബസാറിലുള്ള പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം നടന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.
നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച പടക്കങ്ങളോ അല്ലെങ്കിൽ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സ്ഫോടനത്തിന്റെ ശബ്ദം 500 മീറ്റർ അകലെ വരെ കേൾക്കാമായിരുന്നു, കാൽനടപ്പാതയിലെ കടകൾ ചിതറിപ്പോകുകയും സമീപത്തെ വീടുകളുടെ ജനലുകൾ തകരുകയും ചെയ്തു. സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും തീയും കാരണം കമ്പോളത്തിൽ പരിഭ്രാന്തി പരന്നതായി ആളുകൾ പറഞ്ഞു. റോഡിൽ പരിക്കേറ്റ് കിടന്നവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.