ദില്ലി: മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകൾക്ക് അംഗീകാരം നൽകിയവർക്കെതിരെ നടപടി വേണമെന്നും ഓൾ ഇന്ത്യ ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ആവശ്യപ്പെട്ടു. ദാരുണമായ സംഭവത്തിൽ കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് എഫ്എഐഎംഎ ചീഫ് രക്ഷാധികാരിയായ ഡോ. രോഹൻ കൃഷ്ണൻ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാൻ ചെയ്ത പല മരുന്നുകളുടെ കൂട്ടുകളും വിപണിയിൽ ഇപ്പോഴും എളുപ്പത്തിൽ ലഭ്യമാണ് എന്നതിൻ്റെ തെളിവാണ് ഈ ദുരന്തം.
വിപണിയിലെത്തുന്നതിന് മുൻപ് മരുന്നുകൾക്ക് പല തലങ്ങളിലുള്ള ലൈസൻസുകളും അംഗീകാരങ്ങളും ആവശ്യമാണ്. “ഈ മരുന്നിന് പച്ചക്കൊടി കാണിച്ച എല്ലാവരും കർശന നടപടി നേരിടണം. ആരോഗ്യമേഖലയിലെ ‘പണം കൊടുത്ത് സർട്ടിഫിക്കറ്റ് നേടുന്ന’ രീതി വളരെ ദൗർഭാഗ്യകരമാണ്,” ഡോ. കൃഷ്ണൻ പറഞ്ഞു. ദുരന്തത്തിന് കാരണമായ ‘കോൾഡ്രിഫ്’ എന്ന ചുമ സിറപ്പിൽ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ പാടില്ലാത്ത രാസവസ്തുക്കൾ അടങ്ങിയിരുന്നു. 2023-ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ ഉപയോഗിക്കരുത് എന്ന് മരുന്നിൻ്റെ പാക്കേജിംഗിൽ മുന്നറിയിപ്പ് നൽകണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കമ്പനികൾ ലേബലിൽ മാറ്റം വരുത്തിയില്ല, കൂടാതെ സംസ്ഥാന സർക്കാരുകൾ ഈ മുന്നറിയിപ്പ് സംബന്ധിച്ച് ബോധവൽക്കരണ കാമ്പയിൻ നടത്തിയില്ലെന്നും ഇപ്പോൾ വ്യക്തമായി.
മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ മരിച്ച കുട്ടികളിൽ പലർക്കും ഈ സിറപ്പ് നിർദ്ദേശിച്ചുവെന്ന് ആരോപിച്ച് സർക്കാർ ഡോക്ടറായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർമാരുടെ സംഘടന ഈ നടപടിയെ വിമർശിച്ചു. “ഒരു ഡോക്ടർ വിപണിയിൽ ലഭ്യമായ മരുന്നുകളാണ് കുറിക്കുന്നത്. 2023-ലെ മുന്നറിയിപ്പിനെക്കുറിച്ച് എനിക്ക് പോലും അറിയില്ലായിരുന്നു. ഇത്തരം ഉപദേശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടമയാണ്. മുന്നറിയിപ്പ് ലേബലുകളിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. കൃഷ്ണൻ ചൂണ്ടിക്കാട്ടി.