ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് വിമാനത്താവളത്തിൽ റെക്സ് എയർലൈൻസിന്റെ (Rex Airlines) ഒരു പ്രാദേശിക വിമാനത്തിന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് എഞ്ചിനിൽ തീപിടിത്തമുണ്ടായി. അഡ്‌ലെയ്ഡിൽ നിന്ന് ബ്രോക്കൺ ഹില്ലിലേക്ക് പോകേണ്ടിയിരുന്ന ZL4818 എന്ന വിമാനത്തിലാണ് സംഭവം. എഞ്ചിനിൽ നിന്ന് പുകയും തീയും ഉയർന്നതോടെ വിമാനം അടിയന്തിരമായി നിർത്തി, വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിൻ്റെ ഇടതുവശത്തെ എഞ്ചിനിൽ തകരാർ സംബന്ധിച്ച സൂചന ലഭിച്ചതിനെ തുടർന്ന് പൈലറ്റ് ടേക്ക് ഓഫ് ശ്രമം റദ്ദാക്കി. ഉടൻ തന്നെ എഞ്ചിൻ ഷട്ട്ഡൗൺ ചെയ്തെങ്കിലും, കത്താതെ അവശേഷിച്ച കുറഞ്ഞ അളവിലുള്ള ഇന്ധനം എഞ്ചിൻ്റെ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ തീ പിടിക്കാൻ കാരണമാവുകയായിരുന്നു. ഈ സമയം വിമാനത്തിന് ചുറ്റും തീജ്വാലകളും കട്ടിയുള്ള പുകയും ദൃശ്യമായി. യാതൊരു പരിക്കും കൂടാതെ ടാക്സിവേയിലൂടെ യാത്രക്കാരെ പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റാൻ വിമാന ജീവനക്കാർക്ക് കഴിഞ്ഞു.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ റൺവേ ഏകദേശം 20 മിനിറ്റോളം അടച്ചിട്ടു. യാത്രക്കാർക്കായി റെക്സ് എയർലൈൻസ് ബദൽ വിമാന സൗകര്യം ഒരുക്കി. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ക്രൂവിൻ്റെ കൃത്യമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.