മെല്‍ബണ്‍: മെട്രോ ടണല്‍ റെയില്‍ ഡിസംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രീമിയര്‍ ജെസീന്ത അലന്‍ വെളിപ്പെടുത്തി. നിശ്ചയിച്ചിരുന്നതിലും ഒരു വര്‍ഷം മുമ്പായി ടണല്‍ റെയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇതോടെ ഉറപ്പായി. വിശദമായ പരിശോധനകള്‍ക്കും സ്റ്റാഫ് പരിശീലനത്തിനും ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുന്ന കൃത്യമായ തീയതി വെളിപ്പെടുത്തുന്നത്. പുതിയ പാതയിലൂടെ സമ്മര്‍ സ്റ്റാര്‍ട്ട് പ്രോഗ്രാം ഡിസംബറില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഒക്ടോബറില്‍ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ആ സമയക്രമം പാലിക്കാന്‍ സാധിച്ചിരിക്കുകയാണിപ്പോള്‍.
തുടക്കത്തില്‍ ഓരോ ഇരുപതു മിനിറ്റിലും ഒരു ട്രെയിന്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. ഇതുവഴി ഓരോ ആഴ്ചയിലും 240 അധിക ട്രെയിന്‍ സര്‍വീസ് വീതം ഉറപ്പാക്കാന്‍ സാധിക്കും. 2026 ഫെബ്രുവരി ഒന്നിന് ടണല്‍ റെയിലിനെ പൊതു റെയില്‍ ഗതാഗതവുമായി പൂര്‍ണായി സംയോജിപ്പിക്കും. അതുവഴി ഓരോ ആഴ്ചയിലും ആയിരം ട്രെയിന്‍ സര്‍വീസ് എന്ന ലക്ഷം കൈവരിക്കുന്നതിനു സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മെല്‍ബണ്‍ സിബിഡിക്ക് അടിയിലൂടെയാണ് ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ടണല്‍ റെയില്‍ കടന്നു പോകുന്നത്. ഈ റെയില്‍ പാതയില്‍ അഞ്ചു സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. ഏറ്റവും അവസാനം പണി തീര്‍ന്നത് ടൗണ്‍ഹാള്‍, സ്റ്റേറ്റ് ലൈബ്രറി സ്റ്റേഷനുകളാണ്. നാല്‍പതു വര്‍ഷത്തിനിടെ ആദ്യമായാണ് മെല്‍ബണില്‍ പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്.