മെൽബൺ :സമൂഹമാധ്യമ പ്ലാറ്റുഫോമുകൾ കുട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ഓസ്ട്രേലിയയുടെ നയത്തിന് പിന്നാലെ മുന്നറിയിപ്പുമായി യൂട്യൂബ്. ഉദ്ദേശം നല്ലതാണെങ്കിലും ഈ തീരുമാനം കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കുന്നതിന് സഹായിക്കില്ലെന്നാണ് യൂട്യൂബ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് പൂർണ്ണമായി വിലക്കുമെന്ന് കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചിരുന്നു. നിരോധനത്തിൽ നിന്ന് യൂട്യൂബിനെ ഒഴിവാക്കണം. ഈ നിരോധനത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമല്ലെന്ന് യൂട്യൂബിന്റെ വക്താവ് റേച്ചൽ ലോർഡ് സൈനറ്റ് കമ്മിറ്റിയുടെ മുൻപിൽ വാദിച്ചു.
ഉദ്ദേശം നല്ലതാണെങ്കിലും പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് റേച്ചൽ പറഞ്ഞത്. നിയമം നടപ്പിലാക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതമാക്കുമെന്ന ആഗ്രഹം ഈ നിയമത്തിലൂടെ നടപ്പാക്കുക സാധ്യമല്ല. കുട്ടികളെയും കൗമാരക്കാരെയും ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള വ്യവസായ ശ്രമങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമാണ് നന്നായി തയ്യാറാക്കിയ നിയമനിർമാണം, പക്ഷേ കുട്ടികളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള പരിഹാരം അവരെ ഓൺലൈനിൽ നിന്ന് തടയുക അല്ലെന്നും റേച്ചൽ വ്യക്തമാക്കി.
നിരോധനം എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവിൽ ലഭ്യമല്ലാത്തതിനാൽ നിയമനിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കമ്പനികൾക്ക് 49.5 ദശലക്ഷം യുഎസ് ഡോളർ (32 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ) വരെ പിഴ ചുമത്താൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് കഴിയും. സോഷ്യൽ മീഡിയ ഭീമന്മാർ എല്ലാ ഉപയോക്താക്കളുടെയും പ്രായം പരിശോധിക്കേണ്ടതില്ലെന്നും എന്നാൽ പ്രായപൂർത്തിയാകാത്തവരെ കണ്ടെത്തുന്നതിനും ഡീആക്ടിവേറ്റ് ചെയ്യുന്നതിനും ന്യായമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.