ഓസ്ട്രേലിയ : ഏഴില്‍ ഒരു ഓസ്‌ട്രേലിയക്കാരന്‍ വീതം ദാരിദ്ര്യ രേഖയ്ക്കു താഴെയാണ് കഴിയുന്നതെന്ന് കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സും സംയുക്തമായി നടത്തിയ പഠനത്തില്‍ തെളിയുന്നു. ശരാശരി ജീവിതച്ചെലവിനു നിശ്ചയിച്ചിരിക്കുന്ന തുകയുടെ താഴെ മാത്രം വരുമാനവുമായി കഴിയുന്നവരുടെ മൊത്തം എണ്ണം മുപ്പത്തേഴു ലക്ഷമാണെന്ന് ഈ പഠനം പറയുന്നു. 2023ല്‍ നടത്തിയ സര്‍വേയുടെ ഫലങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പു നടത്തിയ സര്‍വേയിലുള്ളതിനെക്കാള്‍ അഞ്ചു ലക്ഷം പേരാണ് അധികമായി ദാരിദ്ര്യരേഖയ്ക്കു താഴേക്കു വന്നിരിക്കുന്നത്. ഓരോ ആറിലൊരു കുട്ടി വീതം ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് ഓസ്‌ട്രേലിയയില്‍ വളരുന്നതെന്നും ഈ പഠനം തെളിയിക്കുന്നു. കഴിഞ്ഞ സര്‍വേയുടെ കാലത്തേതിനെക്കാള്‍ ജോബ് സീക്കര്‍ അലവന്‍സും വാടക അലവന്‍സും വര്‍ധിച്ചിട്ടുണ്ടെങ്കിലും ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കണമെങ്കില്‍ ഈ തുകകള്‍ ഇതിലും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുന്നതാണ് പഠനത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫലങ്ങള്‍.