കോഴിക്കോട്: എൽഡിഎഫ് ഘടകകക്ഷിയായ ആർജെഡി വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ഒരു കമ്മ്യൂണിസ്റ്റുകാരൻ മകനും കമ്മ്യൂണിസ്റ്റുകാരൻ ആകണമെന്ന് ആഗ്രഹിക്കുമെന്നും, അയാൾ ഒന്നിലും ഇടപെടാത്ത സമ്പന്നനായി ജീവിക്കുന്ന ഒരാളാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കമ്മ്യൂണിസ്റ്റ് ജീവിതം തെരഞ്ഞെടുത്ത നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയൽ ആണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ഇ ഡി നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിശദീകരണത്തിലാണ് കൽപ്പറ്റയുടെ പരാമർശങ്ങൾ. വടകരയിൽ നടന്ന ആർജെഡി നേതാവ് കെ.കെ രാഘവന്റെ അനുസ്മരണ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കൽപ്പറ്റ നാരായണൻ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി മകനെ കുറിച്ച് അന്ന് പറഞ്ഞത്…
ഞാന്‍ എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യം, എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പംനിന്നു എന്നതാണ്. എന്റെ മക്കള്‍ രണ്ടുപേരും അതേനില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും ഒരു മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ. അത് എന്നെ ബാധിക്കുമോ. മകനെ ബാധിക്കുമോ.