മെല്‍ബണ്‍: വിക്ടോറിയയിലെ മൂന്നു പ്രാദേശിക ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയതോടെ ജനറല്‍ പ്രാക്ടീഷണര്‍മാരുടെ സേവനം ലഭിക്കാതെ 12500 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. ഇരുപതു ഡോക്ടര്‍മാരും അഞ്ച് കൗണ്‍സിലിങ് പ്രവര്‍ത്തകരും തൊഴില്‍ മേഖല നഷ്ടപ്പെട്ടവരുമായി. കോളിങ് വുഡ്, ഫിറ്റ്‌സ്‌റോയി, കെന്‍സിങ്ടണ്‍ ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. ജിപിമാരുടെ സേവനം ലഭ്യമാക്കുന്നതിനു സാമ്പത്തിക പ്രതിസന്ധിയാണ് തടസമെന്നാണ് പൊതുജനാരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഹെല്‍ത്ത് പറയുന്നത്.
നിരവധി കാരണങ്ങളാണ് ക്ലിനിക്കുകളുടെ അടച്ചു പൂട്ടലിനു പിന്നിലുള്ളതെന്ന് കോഹെല്‍്ത്ത് ചീഫ് എക്‌സിക്യൂട്ടീവ് നിക്കോള്‍ ബാര്‍ത്തലോമ്യൂസ് പറയുന്നു.അനേക വര്‍ഷങ്ങളായി ഈ മേഖലയില്‍ പണം മുടക്കാന്‍ വേണ്ടത്ര ഏജന്‍സികളില്ല. നിലവിലുള്ള പ്രവര്‍ത്തന സംവിധാനം വളരെ പഴക്കം ചെന്നതുമാണ്. മെഡികെയറില്‍ നിന്നു കോഹെല്‍ത്തിനു കിട്ടുന്ന തുകയും പൊതുജനാരോഗ്യത്തിനായി മുടക്കുന്ന തുകയും തമ്മില്‍ നാല്‍പതു ലക്ഷം ഡോളറിന്റെ അന്തരമാണുള്ളത്. ഈരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നിരിക്കുകയാണ്, അദ്ദേഹം വ്യക്തമാക്കി