മെൽബൺ: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ശിവഗിരി മഠം സംഘത്തിന് ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ മെൽബണിൽ നടന്ന ചടങ്ങിൽ ഊഷ്മളമായ സ്വീകരണം നൽകി. മെൽബണിലെ യാര നദിയിൽ പ്രത്യേകം സജ്ജീകരിച്ച ക്രൂയിസ് ബോട്ടിൽ ആണ് ‘ഗുരു ദർശ സമീക്ഷ’ എന്ന പരിപാടി നടന്നത്. ഒക്ടോബർ 14 ന് മെൽബണിലെ വിക്ടോറിയൻ പാർലമെൻറിൽ നടന്ന ലോക മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്‌ട്രേലിയയിൽ എത്തിയത്.
ചരിത്ര സംഭവമായ മത പാർലമെന്റിനെ തുടർന്ന് ഒക്ടോബർ 15 ന് മെൽബണിൽ നടന്ന സ്വീകരണ പ്രഭാഷണ പരിപാടിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി വിശാലാനന്ദ , ഡോ. സ്‌മൃതി മുരളീകൃഷ്ണ , ശ്രീ കെ ജി ബാബുരാജൻ (ബഹ്‌റൈൻ), ഫാദർ ജിബിൻ സാബു(ഓർത്തഡോൿസ് ചർച്) ഡോ. ശശി തരൂർ MP എന്നിവർ സംസാരിച്ചു. പ്രമുഖ വ്യവസായികളായ ശ്രീ ഗോകുലം ഗോപാലൻ,ശ്രീ എ വി അനൂപ്, ഡോ.സുരേഷ് കുമാർ മധുസൂദനൻ, ശ്രീ കെ ആർ മനോജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിശ്വഗുരുവിന്റെ വചനങ്ങൾ വിശ്വമെങ്ങും പരക്കട്ടെ എന്ന് അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഓസ്‌ട്രേലിയയിൽ ഒരു മഠം സ്ഥാപിയ്ക്കാൻ ശിവഗിരി മഠത്തിനു ആഗ്രഹമുണ്ടെന്നും സ്വാമികൾ കൂട്ടിച്ചേർത്തു.
ഗുരുവിന്റെ സന്ദേശങ്ങൾ മഹത്തരമാണെന്നും അവയുടെ മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി താൻ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്ന ഡിസംബറിൽ ശിവഗിരി തീർത്ഥാടനവേളയിൽ ശിവഗിരിയിൽ വച്ച് പ്രകാശനം ചെയ്യുമെന്ന് ഡോ. തരൂർ പറഞ്ഞു. മഞ്ജു സേനൻ അവതാരക ആയിരുന്ന ചടങ്ങിൽ ഡോ. രൂപ്‌ലാൽ ആനന്ദൻ സ്വാഗതവും ശ്രീ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ശിവഗിരി മഠത്തിലേക്കുള്ള സ്നേഹസമ്മാനമായി ഓസ്‌ട്രേലിയൻ അബൊറിജിനൽ കലാകാരന്മാർ രൂപകൽപന ചെയ്ത ബൂമറാങ് കമ്മിറ്റി അംഗങ്ങൾ കൈമാറി. വിക്ടോറിയൻ പാർലമെൻറ് പ്രതിനിധി ഫിന്നി മാത്യുവും മെൽബണിലെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കമ്മിറ്റി അംഗങ്ങളായ എ പി സന്തോഷ്, കെ അനീഷ്, മനോജ് എന്നിവർ നന്ദി അറിയിച്ചു.