സിഡ്‌നി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുമെന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസര്‍ റോബ് തോംസന്‍ അറിയിച്ചു. ഇനിയും ഇരുപതു ലക്ഷത്തോളം നികുതി ദായകര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരായി ശേഷിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തീയതി കൃത്യമായി പാലിക്കാത്തവര്‍ക്കെല്ലാം 330 ഡോളര്‍ പിഴയോടു കൂടി മാത്രമായിരിക്കും പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. മൂന്നു രീതികളിലാണ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. ഒന്നുകില്‍ നിശ്ചിത ഫോം പൂരിപ്പിച്ച് തപാലില്‍ അയയ്ക്കുക, അല്ലെങ്കില്‍ ഏതെങ്കിലും രജിസറ്റേഡ് ടാക്‌സ് ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുക., അതുമല്ലെങ്കില്‍ മൈ ടാക്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുക.
സ്വന്തമായി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ മാസം 31 വരെ മാത്രമേ അതു ചെയ്യാനാവൂ. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നികുതി ഏജന്റുമാര്‍ മുഖേന റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് തീയതിയില്‍ ഇളവുണ്ടെങ്കിലും അവരും ഇത്തരം ഏജന്റുമാരുടെ പക്കല്‍ ഈ മാസം 31നു മുമ്പായി പേരും മറ്റുവിവരങ്ങളും കൊടുത്തിരിക്കണം. അവര്‍ക്ക് അത് ഫയല്‍ ചെയ്യുന്നതിനു മാത്രമാണ് ഇളവുണ്ടായിരിക്കുക.
ഇതുവരെ റിട്ടേണുകള്‍ സമര്‍പ്പിച്ചവരില്‍ നാല്‍പത്തിനാലു ലക്ഷം നികുതിദായകര്‍ സ്വന്തമായും നാല്‍പ്പത്തിരണ്ടു ലക്ഷം പേര്‍ ഏജന്റുമാര്‍ മുഖേനയുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്ന റിട്ടേണുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രോസസ് ചെയ്യപ്പെടും. എന്നാല്‍ ഫോം പൂരിപ്പിച്ച് തപാലില്‍ അയച്ചിരിക്കുന്നവരുടേത് പ്രോസസ് ചെയ്യുന്നതിനു കൂടുതല്‍ സമയമെടുക്കും. ഇത് അമ്പതു ദിവസം വരെയാകാം. റോബ് തോംസന്‍ അറിയിച്ചു.
നികുതി റിട്ടേണുകള്‍ വിവിധ ക്ലെയിമുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മൂന്നു സുവര്‍ണ നിയമങ്ങളാണ് പാലിക്കപ്പെടുന്നതെന്ന് എല്ലാ നികുതിദായകരും ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമതായി, വെളിപ്പെടുത്തപ്പെടുന്ന ചെലവ് സ്വയം വഹിച്ചതായിരിക്കണം, അത് റിംഇബേഴ്‌സ് ചെയ്യപ്പെട്ടതാകരുത്. രണ്ടാമതായി, സ്വന്തം വരുമാന സമ്പാദനവുമായി നേരിട്ടു ബന്ധപ്പെട്ടതായിരിക്കണം ആ ചെലവ്. മൂന്നാമതായി, ആ ചെലവ് സംബന്ധിച്ച് കൃത്യമായ തെളിവ് കൈവശമുണ്ടായിരിക്കണം, തോംസന്‍ അറിയിച്ചു.