ദില്ലി: പുത്തൻ പ്രതീക്ഷകളുമായി ദീപാവലിയെ വരവേറ്റ് രാജ്യം. ഒരുമയോടെ രാജ്യമെമ്പാടും ഇന്ന് ആഘോഷത്തിൽ മുഴുകും. ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷമാണ് നടക്കുന്നത്. അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു. ജിഎസ്ടി പരിഷ്കാരമടക്കം വിപണിയിൽ സൃഷ്ടിച്ച ഉണർവ് സാമ്പത്തിക രംഗത്ത് നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതേ സമയം ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവെ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമാണ്. പലയിടത്തും മലിനീകരണ തോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. മലിനീകരണം കുറയ്ക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കംപൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്.
എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും നഗരം സ്തംഭിക്കുന്ന ഗതാഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി. നഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്. അനുവദനീയമായ അളവിനേക്കാൾ എട്ടിരട്ടിയിലധികം വരുമിത്. 9 ഇടങ്ങളിലാണ് മലിനീകരണ തോത് മുന്നൂറ് കടന്നത്. നഗരത്തിൽ വായുഗുണനിലവാര സൂചികയിൽ ശരാശരി 270 ആണ് രേഖപ്പെടുത്തിയത്. സ്ഥിതി ഇപ്പോഴേ ഗുരുതരമാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.
നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത. അതേസമയം മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് ആഘോഷങ്ങൾക്ക് പിന്നാലെ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമമഴ പെയ്യിക്കാനാണ് ദില്ലി സർക്കാറിന്റെ നീക്കം. നാല് തവണ പരീക്ഷണ പറക്കലടക്കം ഇതിനോടകം തന്നെ പൂർത്തിയാക്കിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അനുമതി നൽകിയാൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നുമാണ് സർക്കാർ അറിയിച്ചത്.