ആഗ്രയിലെ ഹോസ്റ്റൽ മുറിയിൽ വച്ച് ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ ഗാഡ്‌ജെറ്റുകൾ മോഷ്ടിക്കപ്പെട്ടതിന്റെ വേദനിക്കുന്ന അനുഭവം പങ്കുവച്ച് സോളോ ട്രാവലറും കണ്ടന്റ് ക്രിയേറ്ററുമായ തന്മയ് ദേശ്മുഖ്. സൗഹൃദം നടിച്ച് മുറിയിലെത്തിയ ആളാണ് മോഷണം നടത്തിയത് എന്നും തന്മയ് പറഞ്ഞു. അഞ്ച് വർഷത്തെ അധ്വാനവും, സ്വകാര്യ വിവരങ്ങളും എല്ലാം നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നു. ഒരാൾ, സൗഹൃദം നടിച്ചു, തന്റെ വിശ്വാസം നേടിയെടുത്തു, പിന്നാലെ തന്റെ മൂക്കിന് താഴെ നിന്നും എല്ലാം മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നാണ് തന്മയ് തന്റെ പോസ്റ്റിൽ പറയുന്നത്.
‘കഴിഞ്ഞ 5 വർഷത്തെ എന്റെ എല്ലാ ഡാറ്റയും നഷ്ടപ്പെട്ടു… ഓരോ പ്രോജക്റ്റും, ഓരോ ഓർമ്മയും. ഞാൻ ആഗ്രയിൽ കണ്ടന്റ് ഷൂട്ട് ചെയ്യാനെത്തിയപ്പോള്‍ ഒരു കള്ളൻ എന്റെ ഹോസ്റ്റൽ മുറിയിൽ കയറി ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന എന്റെ എല്ലാ ഗാഡ്‌ജെറ്റുകളും മോഷ്ടിച്ചു’ എന്നാണ് ദേശ്മുഖ് പോസ്റ്റിന്റെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
തന്മയ് പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം. പൊലീസ് തന്നെ സഹായിച്ചില്ല എന്നും സോഷ്യൽ മീഡിയയുടെ കരുത്തിനെ കുറിച്ച് എല്ലാവരും പറയാറുണ്ട്, സഹായം ലഭിക്കുമെന്ന് കരുതിയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നും യുവാവ് പറയുന്നു. ആഗ്രയിൽ ഒരു ഷൂട്ടിംഗിനായി എത്തിയതായിരുന്നു താൻ. ക്യാമറ, ലെൻസുകൾ, ബാറ്ററികൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു കിറ്റ് തന്റെ കൈവശം ഉണ്ടായിരുന്നു. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആ സമയത്ത് മുംബൈയിൽ നിന്നുള്ളയാളാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ വരികയും പരിചയപ്പെടുകയും ചെയ്തു.































