അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് യുഎസിൽ 30 ഇന്ത്യൻ പൗരന്മാരെ ബോർഡർ പട്രോൾ ഏജന്റ്സ് അറസ്റ്റ് ചെയ്തു. കലിഫോർണിയയിലെ എൽ സെൻട്രോ നഗരമേഖലയിൽ ഇമിഗ്രേഷൻ ചെക് പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണു നടപടി. 30 ഇന്ത്യക്കാരടക്കം ട്രക്ക് ഡ്രൈവർമാരായ 42 വിദേശികളാണ് ഒരുമാസത്തിനിടെ അറസ്റ്റിലായത്. റഷ്യ, ചൈന, മെക്സിക്കോ, സൊമാലിയ, തുർക്കി തുടങ്ങിയ രാജ്യക്കാരും ഉൾപ്പെടുന്നു. പിടിയിലായവർക്കെല്ലാം അംഗീകൃത കൊമേഴ്സ്യൻ ഡ്രൈവിങ് ലൈസൻസുണ്ടായിരുന്നു.
അതിനിടെ, വിദേശികളുടെ കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് റദ്ദു ചെയ്യാനുള്ള തീരുമാനത്തിനെതിരെ ട്രക്ക് ഡ്രൈവർമാരുടെ സംഘടന കോടതിയെ സമീപിച്ചു. ലൈസൻസുകൾ റദ്ദാക്കുമെന്ന് 17,000 ട്രക്ക് ഉടമകൾക്ക് കലിഫോർണിയ മോട്ടർ വാഹന വകുപ്പാണു നോട്ടിസ് നൽകിയത്. ഡ്രൈവർമാർക്കുവേണ്ടി സിഖ് വംശജരുടെ സംഘടനകളും കേസ് നൽകി.































