വിക്ടോറിയയിലെ വന്യജീവി ചരിത്രത്തിൽ പുത്തൻ പ്രതീക്ഷയേകി ഈസ്റ്റേൺ ക്വോൾസ് (Eastern Quolls) തിരിച്ചെത്തുന്നു. 1960-കളിൽ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന ഇവ, പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വിക്ടോറിയയുടെ മണ്ണിൽ സ്വന്തം വംശത്തെ വിപുലീകരിച്ചു തുടങ്ങിയിരിക്കുകയാണ്.ചുവന്ന കുറുക്കന്മാരുടെ (Red Fox) അമിതമായ ആക്രമണം കാരണം 1963-ലാണ് “സ്വദേശി പൂച്ച”യായ ഈസ്റ്റേൺ ക്വോൾസുകൾ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് തസ്മാനിയയിൽ മാത്രമാണ് ഇവ അവശേഷിച്ചിരുന്നത്.
പടിഞ്ഞാറൻ വിക്ടോറിയയിലെ ഡങ്കെൽഡിന് (Dunkeld) സമീപമുള്ള സംരക്ഷിത വനമേഖലയിൽ 27 ക്വോൾസുകളെ തുറന്നുവിട്ടുകൊണ്ടാണ് പുനരാധിവാസ പദ്ധതിക്ക് തുടക്കമിട്ടത്.പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ട ഇവ വിജയകരമായി പ്രജനനം നടത്തിയതായും കുഞ്ഞുങ്ങൾ ജനിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. ഇത് പദ്ധതിയുടെ വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.നേച്ചർ ഗ്ലെനെൽഗ് ട്രസ്റ്റിന്റെ (Nature Glenelg Trust) നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ഗ്രാംപിയൻസ് (ഗാരിവെർഡ്) മേഖലയിലെ ഈ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
“സ്വദേശി പൂച്ചകൾ” എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ സസ്തനികളുടെ തിരിച്ചുവരവ് ഓസ്‌ട്രേലിയയിലെ ജൈവവൈവിധ്യം വീണ്ടെടുക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വലിയ സഹായമാകുമെന്ന് ഗവേഷകർ കരുതുന്നു.































