ക്വാണ്ടസ് എയർവേയ്‌സ് (Qantas Airways) തങ്ങളുടെ അന്താരാഷ്ട്ര ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നതിനാലാണ് ഈ നടപടി.ഏപ്രിൽ പകുതി മുതൽ ജൂലൈ അവസാനം വരെ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമം അനുസരിച്ച് ഓസ്‌ട്രേലിയയ്ക്കും യൂറോപ്പിനുമിടയിലുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും.
ഏറ്റവും പ്രധാനപ്പെട്ട മാറ്റം പെർത്ത് – പാരീസ് നേരിട്ടുള്ള സർവീസ് (Non-stop) താൽക്കാലികമായി നിർത്തലാക്കി എന്നതാണ്. പകരം സിഡ്‌നിയിൽ നിന്ന് സിംഗപ്പൂർ വഴി പാരീസിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ നടത്തും. സിംഗപ്പൂർ വഴിയുള്ള യാത്രയിലൂടെ ഓരോ വിമാനത്തിലും 60 അധികം യാത്രക്കാരെ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. കൂടാതെ, പെർത്ത് – സിംഗപ്പൂർ സർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴിൽ നിന്ന് പത്തായി ഉയർത്തും. പാരീസിലേക്കുള്ള കണക്ഷൻ വിമാനങ്ങൾക്കായിട്ടാണ് ഈ മാറ്റം.
നിലവിൽ ആഴ്ചയിൽ നാല് ദിവസമുള്ള പെർത്ത് – റോം നേരിട്ടുള്ള സർവീസ് ഏപ്രിൽ മുതൽ ദിവസേനയുള്ള (Daily) സർവീസായി മാറും. അതേസമയം, പെർത്ത് – ലണ്ടൻ നേരിട്ടുള്ള വിമാനങ്ങളിൽ മാറ്റമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ സിംഗപ്പൂരിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങുന്നത് തുടരും.
ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന ട്രാൻസിറ്റ് പോയിന്റുകൾ വഴിയുള്ള വിമാന സർവീസുകൾ മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർ ക്വാണ്ടസിനെ കൂടുതൽ ആശ്രയിക്കുന്നത്. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളെ ബാധിച്ച ഈ പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ റൂട്ടുകളിൽ നിന്നും ആഭ്യന്തര റൂട്ടുകളിൽ നിന്നും വിമാനങ്ങൾ പിൻവലിച്ചാണ് ക്വാണ്ടസ് യൂറോപ്പിലേക്ക് കൂടുതൽ സർവീസുകൾ ഒരുക്കുന്നത്. ഷെഡ്യൂൾ മാറ്റം ബാധിക്കുന്ന യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് പകരം സംവിധാനങ്ങൾ അറിയിക്കും.































