മെൽബൺ: ഓസ്ട്രേലിയയിലെ Syro-Malabar Eparchy of St Thomas the Apostle Melbourne രൂപതയുടെ വികാർ ജനറലായി ഫാ. സിബി പുളിക്കൽ നിയമിതനായി. മെൽബൺ രൂപതാധ്യക്ഷൻ ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ ആണ് നിയമന പ്രഖ്യാപനം നടത്തിയത്.
കേരളത്തിൽ നിന്നുള്ള ഫാ. സിബി പുളിക്കൽ വർഷങ്ങളായി മെൽബൺ രൂപതയിൽ വിവിധ ആത്മീയ-ഭരണപര ചുമതലകൾ നിർവഹിച്ചുവരികയാണ്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നിയമനം.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ പഠന വിഭാഗം അധ്യക്ഷൻ, ബാച്ച് ആനിമേറ്റർ, തിയോളജി വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ 19 വർഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിത്വമാണ് ഫാ. സിബി പുളിക്കൽ.
1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കൽ, ആനക്കാംപൊയിൽ, വേനപ്പാറ, തോട്ടുമുക്കം ഇടവകകളിൽ അസി. വികാരിയായും പന്തല്ലൂർ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പശുക്കടവ് ഇടവക പുളിക്കൽ പരേതനായ കുര്യന്റെയും മേരിയുടെയും മകനാണ് ഇദ്ദേഹം . സഹോദരൻ ഫാ. ബിനു പുളിക്കൽ കണ്ണോത്ത് ഇടവക വികാരിയാണ്.
മെൽബൺ സീറോ മലബാർ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ നിയമനത്തെ സന്തോഷപൂർവം സ്വീകരിച്ചു.






























