ഓസ്ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് പുതിയ സ്കിൽഡ് വിസ മുൻഗണനാ പട്ടിക (Direction 119) പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം സബ്ക്ലാസ്സ് 482 ഉൾപ്പെടെയുള്ള സ്കിൽഡ് വിസ അപേക്ഷകളെ നേരിട്ട് ബാധിക്കും.
മുൻപുണ്ടായിരുന്ന ഡയറക്ഷൻ 105 റദ്ദാക്കിക്കൊണ്ടാണ് പുതിയ വിസ പ്രോസസിങ് ചട്ടങ്ങൾ നിലവിൽ വന്നിരിക്കുന്നത്. അപേക്ഷകന്റെ തൊഴിൽ മേഖല, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അവർ ഓസ്‌ട്രേലിയക്ക് ഉള്ളിലാണോ (Onshore) അതോ പുറത്താണോ (Offshore) എന്നത് ഇനി വിസ പ്രോസസിംഗിന്റെ പ്രധാന മാനദണ്ഡമായി മാറും. പ്രതിരോധം, നിയമപാലനം എന്നീ മേഖലകൾക്ക് ശേഷം മൂന്നാം മുൻഗണന (Priority 3) ലഭിക്കുന്നത് ആരോഗ്യം, അധ്യാപനം, നിർമ്മാണം എന്നീ മേഖലകളിലെ അപേക്ഷകർക്കാണ്. സബ്ക്ലാസ്സ് 186, 187, 482, 494 തുടങ്ങിയ വിസകൾക്കാണ് പുതിയ മുൻഗണനാ ക്രമം ബാധകമാകുന്നത്. ചരിത്രത്തിലാദ്യമായാണ് സബ്ക്ലാസ്സ് 482 വിസകൾ ഇത്തരമൊരു പട്ടികയിൽ ഉൾപ്പെടുന്നത്.
പുതിയ മാറ്റം ഓസ്‌ട്രേലിയയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള താൽക്കാലിക വിസക്കാർക്ക് വലിയ ആശ്വാസമാണ്. ഓസ്‌ട്രേലിയക്ക് ഉള്ളിൽ തുടരുന്ന നേഴ്സുമാർ, അധ്യാപകർ തുടങ്ങിയവർക്ക് വിസ നടപടികൾ ഇനി വേഗത്തിൽ പൂർത്തിയാകും. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് (Offshore) അപേക്ഷിക്കുന്നവർ മുൻഗണനാ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഇത് നാട്ടിൽ നിന്ന് വിസയ്ക്ക് ശ്രമിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ വലിയ കാലതാമസം വരുത്താൻ ഇടയാക്കും.






























