ബൻബറി: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബൻബറി നഗരത്തിലെ പ്രധാന ഐക്കോണിക് കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ പ്രകാശിപ്പിക്കുന്നു. സൗത്ത് വെസ്റ്റ് ഇന്ത്യൻ ഗ്രൂപ്പ് (SWIG) ബൻബറി, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പെർത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.
2026 ഓഗസ്റ്റ് 13 മുതൽ 16 വരെ ബൻബറിയിലെ വിവിധ പ്രധാന കേന്ദ്രങ്ങൾ ഇന്ത്യൻ ദേശീയപതാകയുടെ കേസരി, വെള്ള, പച്ച നിറങ്ങളിൽ ദീപാലങ്കരിക്കും. Marlston Hill Lookout, Koombana Bay Footbridge, Koombana Bay Foreshore, Marlston Waterfront, Guppy Park, Koombana Drive Roundabout-ലെ Navigators, Richmond Reserve, Jetty Road-ലെ ചരിത്രപ്രസിദ്ധമായ Arrol Crane, Koolambidi Woola (Youth Precinct), Boulter’s Heights എന്നിവയാണ് ത്രിവർണ പ്രഭയിൽ അണിയുന്ന കേന്ദ്രങ്ങൾ.
ഓഗസ്റ്റ് 15-ന് നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ബൻബറിയിൽ ശ്രദ്ധേയമായ ദൃശ്യവിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഈ പ്രകാശാലങ്കാരം ഒരുക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക സാന്നിധ്യത്തിന്റെയും പ്രതീകമായും ഈ പരിപാടി മാറും.
പരിപാടിക്ക് പിന്തുണ നൽകുന്ന City of Bunbury-ന് SWIG ഭാരവാഹികൾ നന്ദി അറിയിച്ചു. പ്രകാശാലങ്കാരം നടക്കുന്ന ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തി SWIG-ന്റെ ഫേസ്ബുക്ക് പേജിലൂടെയോ ഇമെയിൽ വഴിയോ പങ്കുവെക്കാനും സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
SWIG Bunbury പ്രസിഡന്റ് ഡോ. രമേഷിന്റെയും SWIG ടീമിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബൻബറിയിലും വർണാഭമായ ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.






























