പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയുടെ പ്രകൃതിഭംഗിയും വന്യജീവികളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനായി വൻ തുകയുടെ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു. ‘കീപ് ഓസ്ട്രേലിയ ബ്യൂട്ടിഫുൾ കൗൺസിലിന്റെ’ (Keep Australia Beautiful Council) 2026-ലെ കമ്മ്യൂണിറ്റി ലിറ്റർ ഗ്രാന്റ് പദ്ധതി പ്രകാരം സംസ്ഥാനത്തെ ഒൻപത് കമ്മ്യൂണിറ്റി സംഘടനകൾക്കായി 45,000 ഡോളറിലധികം (ഏകദേശം 37 ലക്ഷത്തിലധികം രൂപ) അനുവദിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ‘കീപ് ഓസ്ട്രേലിയ ബ്യൂട്ടിഫുൾ’ വാരത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുക,നദികളുടെ ശുചിത്വം ഉറപ്പുവരുത്തുക, വന്യജീവികൾക്ക് മാലിന്യങ്ങൾ വരുത്തുന്ന ഭീഷണി കുറയ്ക്കുക, സമുദ്രത്തിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക തലത്തിൽ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വിദ്യാർത്ഥികളിലും കുടുംബങ്ങളിലും മാലിന്യ നിർമാർജന ശീലങ്ങൾ വളർത്തുന്നതിനായി ഓഷ്യൻ റീഫ് പ്രൈമറി സ്കൂൾ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടികൾ, സിറ്റി ഓഫ് ബൻബറി ഒരുക്കുന്ന തിയേറ്റർ പ്രകടനങ്ങൾ, വൈൽഡ്ലൈഫ് അലൈസ് (Wildlife Allies) നേതൃത്വം നൽകുന്ന ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ഈ വർഷത്തെ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.
ഷെയർ ഓഫ് കാർനാർവോൺ, പെർഫെക്റ്റ് നേച്ചർ ക്രൂയിസസ്, എസ്പെരൻസ് വൈൽഡ്ലൈഫ് സാങ്ച്വറി, ട്രാൻസിഷൻ ബ്രിഡ്ജ് ടൗൺ, മൗണ്ട് ക്ലെയർമോണ്ട് പ്രൈമറി സ്കൂൾ P&C അസോസിയേഷൻ, ഓഷ്യൻ റോഡ് പ്രൈമറി സ്കൂൾ, ഏവൺ വാലി എൻവയോൺമെന്റൽ സൊസൈറ്റി എന്നിവയാണ് ഗ്രാന്റിന് അർഹരായ മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ.
പ്രാദേശിക കൂട്ടായ്മകളുടെ സജീവമായ ഇടപെടലുകളിലൂടെ മാത്രമേ കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് വെസ്റ്റേൺ ഓസ്ട്രേലിയൻ പരിസ്ഥിതി മന്ത്രി മാത്യു സ്വിൻബോൺ (Matthew Swinbourn) വ്യക്തമാക്കി. വെസ്റ്റേൺ ഓസ്ട്രേലിയയുടെ ‘വേസ്റ്റ് അവോയ്ഡൻസ് ആൻഡ് റിസോഴ്സ് റിക്കവറി സ്ട്രാറ്റജി 2030’ (Waste Avoidance and Resource Recovery Strategy 2030) എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ കമ്മ്യൂണിറ്റി ഗ്രാന്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യമില്ലാത്ത ഒരു നല്ല നാളേയ്ക്കായി കുക്ക് ലേബർ ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രാന്റ് പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ kabc.wa.gov.au എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.






























