ദുബായ്: ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന വെള്ളപ്പാണ്ട് (വിറ്റിലിഗോ) രോഗത്തിനുള്ള ചികിത്സയിൽ നിർണായക വഴിത്തിരിവുമായി യുഎഇ. രക്തത്തിലൂടെ പ്രവർത്തിക്കുന്ന വ്യവസ്ഥാപിത ചികിത്സ (സിസ്റ്റമിക് തെറപ്പി) ആവശ്യമായ 12 വയസ്സും അതിനു മുകളിലുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ‘റിൻവോക്’ എന്ന മരുന്ന് ഉപയോഗിക്കാൻ ആദ്യമായി അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറി. യുഎഇ ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (ഇഡിഇ) ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.
രോഗികൾക്ക് ആശ്വാസമായി ഇനി ദിവസവും ഒരൊറ്റ ഗുളിക കഴിച്ചുകൊണ്ട് ഈ രോഗത്തിന് ചികിത്സ തേടാം. ലോകോത്തര ആധുനിക മരുന്നുകളും വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടെത്തലുകളും വേഗത്തിൽ രോഗികളിലേക്ക് എത്തിക്കുന്നതിൽ യുഎഇ മുൻപന്തിയിലാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നടപടിയെന്ന് ഇഡിഇ വക്താക്കൾ വ്യക്തമാക്കി.
ചർമത്തിൽ ഏതെങ്കിലും തരത്തിലുള്ള നിറംമാറ്റമോ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി എത്രയും വേഗം വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ് സാധാരണയായി വിറ്റിലിഗോ ഉണ്ടാകുന്നത്. ശരീരത്തിന്റെ ഇരുവശങ്ങളിലും ഒരേ രീതിയിൽ പടരുന്ന ‘നോൺ-സെഗ്‌മെന്റൽ’ വിഭാഗത്തിൽപ്പെടുന്ന വെള്ളപ്പാണ്ടിനാണ് പുതിയ മരുന്ന് ഏറ്റവും ഫലപ്രദം.
രോഗം ചർമത്തെ മാത്രമല്ല, രോഗികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും സാരമായി ബാധിക്കാറുണ്ട്. അതിനാൽ കൃത്യസമയത്തുള്ള രോഗനിർണയവും ഇത്തരം ആധുനിക ചികിത്സാരീതികളും രോഗികൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരും.






























