മാൾട്ട: വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന താ ഖാലി അനിമൽ ആശുപത്രി ഉടൻ വീണ്ടും പ്രവർത്തനം ആരംഭിക്കും. ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി ബൈറൺ കമില്ലേരി അറിയിച്ചു.
മാൾട്ട കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് ടെക്നോളജിയിലെ (MCAST) വെറ്ററിനറി പഠന പരിപാടികളിലെ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള പ്രധാന കേന്ദ്രമായും ആശുപത്രി പ്രവർത്തിക്കും. പുതിയ അധ്യയന വർഷം മുതൽ ക്ലിനിക്കൽ പരിശീലനത്തിനായി ആശുപത്രി ഉപയോഗിക്കാനാണ് പദ്ധതി.
വെറ്ററിനറി മെഡിസിൻ, അനിമൽ മാനേജ്മെന്റ്, വെറ്ററിനറി നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മൃഗങ്ങളുടെ രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയവയിൽ നേരിട്ടുള്ള പരിശീലനം നേടാൻ ആശുപത്രി സൗകര്യമൊരുക്കും.
2023 ഓഗസ്റ്റിലാണ് താ ഖാലി അനിമൽ ആശുപത്രി അടച്ചത്. നേരത്തെ പലതവണ ആശുപത്രി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുനരാരംഭം വൈകുകയായിരുന്നു.
നവീകരിച്ച ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ മാൾട്ടയിലെ വെറ്ററിനറി വിദ്യാഭ്യാസത്തിനും മൃഗചികിത്സാ സേവനങ്ങൾക്കും കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.



























