ഹോബാർട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ മാരകമായ H5 പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ, വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകളെ സംരക്ഷിക്കാൻ വാക്സിനേഷൻ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചതോടെയാണ് നടപടി.
ടാസ്മാനിയയിലെ മറാവ, ട്രിയാബുന്ന, ആക്ടൺ പാർക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ H5 പക്ഷിപ്പനി കേസുകൾ കണ്ടെത്തിയത്. ഇതോടെ ഓഗസ്റ്റിൽ ആദ്യമായി വൈറസ് സ്ഥിരീകരിച്ചതിന് ശേഷം സംസ്ഥാനത്ത് കണ്ടെത്തിയ ആകെ കേസുകളുടെ എണ്ണം 54 ആയി.
ആക്ടൺ പാർക്കിൽ ഒരു ടെൺ പക്ഷിയിലും ട്രിയാബുന്നയിൽ ഒരു ഫോറസ്റ്റ് റേവനിലുമാണ് വൈറസ് കണ്ടെത്തിയത്. ഫോറസ്റ്റ് റേവനിൽ വൈറസ് സ്ഥിരീകരിക്കുന്നത് ടാസ്മാനിയയിലെ ആദ്യ സംഭവമാണ്. വടക്കുപടിഞ്ഞാറൻ മേഖലയിലെ മറാവയിലും ഒരു ടെൺ പക്ഷിയിൽ H5 വൈറസ് കണ്ടെത്തിയിട്ടുണ്ട്.
ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് പ്രത്യേക സംരക്ഷണം
H5 പക്ഷിപ്പനി ഗുരുതരമായി ഭീഷണിയാകുന്ന വംശനാശ ഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് തത്തകൾക്കാണ് സർക്കാർ പ്രത്യേക പരിഗണന നൽകുന്നത്. കാട്ടിൽ ഈ പക്ഷികളുടെ എണ്ണം അടുത്തിടെ 100ൽ താഴെയാണെന്നാണ് കണക്കാക്കുന്നത്.
ടാസ്മാനിയയിൽ സംരക്ഷണ കേന്ദ്രങ്ങളിൽ വളർത്തുന്ന ഏകദേശം 350 ഓറഞ്ച്-ബെല്ലിഡ് തത്തകൾക്ക് അടുത്ത മാസങ്ങളിൽ വാക്സിൻ നൽകാനാണ് പദ്ധതി. ഓരോ പക്ഷിക്കും രണ്ട് ഡോസ് വീതം നൽകും. ഫെബ്രുവരി വരെ വാക്സിനേഷൻ തുടരാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ ചൊവ്വാഴ്ച 50 പക്ഷികൾക്ക് വരെ വാക്സിൻ നൽകും. വാക്സിനെടുത്ത പക്ഷികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആരോഗ്യത്തെ ബാധിക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വാക്സിൻ പക്ഷികളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ടോ എന്നതും നിരീക്ഷിക്കും.ആദ്യഘട്ടത്തിലെ ഫലങ്ങളും വിവരങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും ബാക്കിയുള്ള പക്ഷികൾക്ക് വാക്സിൻ നൽകുന്നതിന്റെ സുരക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുക.
H5 പക്ഷിപ്പനി ഓറഞ്ച്-ബെല്ലിഡ് തത്തകളുടെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയാണെന്ന് ടാസ്മാനിയൻ പരിസ്ഥിതി മന്ത്രി ഗൈ ബാർനെറ്റ് പറഞ്ഞു.2019ൽ ഫൈവ് മൈൽ ബീച്ചിൽ ഈ പക്ഷികൾക്കായി പ്രത്യേക captive-breeding കേന്ദ്രം സർക്കാർ ആരംഭിച്ചിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയ പക്ഷികളെ പിന്നീട് മെലലൂക്കയിലെ കാട്ടിലുള്ള കൂട്ടത്തിലേക്ക് മാറ്റാനാണ് പദ്ധതി.ഫെഡറൽ കൃഷിമന്ത്രി ജൂലി കോളിൻസും വാക്സിനേഷൻ പദ്ധതി ഓസ്ട്രേലിയയുടെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണെന്ന് വ്യക്തമാക്കി.
ടാസ്മാനിയയിൽ H5 പക്ഷിപ്പനി ഇപ്പോൾ സംസ്ഥാനത്തുടനീളം വ്യാപിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇനി മുതൽ ഓരോ രോഗബാധിത പക്ഷിയെയും പ്രത്യേകം എണ്ണുന്നതിനുപകരം വൈറസ് കണ്ടെത്തുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നിരീക്ഷണം.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തുന്ന പതിവ് പരിശോധനകളിലൂടെ കൂടുതൽ രോഗബാധിത പക്ഷികളെ കണ്ടെത്താൻ കഴിയുന്നതിനാലാണ് റിപ്പോർട്ടിങ് രീതിയിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അസുഖമുള്ളതോ ചത്തതോ ആയ പക്ഷികളെ കണ്ടാൽ അധികൃതരെ അറിയിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതുവരെ ടാസ്മാനിയയിൽ വലിയ തോതിലുള്ള പക്ഷിമരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ കോഴിവളർത്തൽ മേഖലയിലും വൈറസ് കണ്ടെത്തിയിട്ടില്ല. കോഴിയിറച്ചിയും മുട്ടയും നിലവിൽ ഭക്ഷിക്കാൻ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
H5 പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള നിലവിലെ സാധ്യത കുറവാണെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. എന്നാൽ രോഗബാധിതമോ ചത്തതോ ആയ പക്ഷികളെയും മറ്റ് മൃഗങ്ങളെയും നേരിട്ട് സ്പർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
പക്ഷികളുടെ തൂവലുകൾ, ശരീരദ്രവങ്ങൾ, ഉമിനീർ, വിസർജ്യം എന്നിവയുമായും മലിനമായ വസ്തുക്കളുമായും സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.രോഗബാധിതമോ ചത്തതോ ആയ പക്ഷികളെ കണ്ടെത്തുന്നവർ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.




























