ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ 11 മണിക്ക് നേതാക്കൾ ആശയവിനിമയം നടത്തും.
അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ദില്ലിക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 CAPF കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തിൽ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് (CAPF) കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
സിജെപി ജന്തർ മന്തർ സമരം പ്രഖ്യാപിച്ചതോടെ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങൾ ആക്കി വരികയാണ്. യുപി, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും. പ്രതിഷേധത്തിലേക്ക് ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകൾക്കും നിയന്ത്രണം കൊണ്ടുവരും. അതേസമയം, പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതൽ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വസതിക്ക് സമീപം അധിക അർധസൈനിക സേനയേയും വിന്യസിച്ചു. ദില്ലിയിലെയും ആഗ്രയിലെ വസതികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിന് പിന്നാലെയാണ് നടപടി.






























