ഗോൾഡ് കോസ്റ്റ്: ഭക്ഷണവിതരണ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിട്ട് ഓസ്ട്രേലിയയിൽ ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന ഫുഡ് ഡെലിവറി റോബോട്ടുകൾ പ്രവർത്തനം ആരംഭിച്ചു. ഗോൾഡ് കോസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഒരു മാസം പിന്നിടുമ്പോൾ, ഡെലിവറി ജോലികൾ ചെയ്യുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ പുതിയ സാങ്കേതികവിദ്യ തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന ചർച്ചയും സജീവമാകുകയാണ്.
അമേരിക്കൻ കമ്പനിയായ സെർവ് റോബോട്ടിക്സും (Serve Robotics) പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ DoorDash-ഉം സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ 29-ന് ഗോൾഡ് കോസ്റ്റിലെ ഗോൾഡ് കോസ്റ്റ് ഹെൽത്ത് ആൻഡ് നോളജ് പ്രിസിങ്ക്റ്റിലാണ് (Gold Coast Health and Knowledge Precinct) പൈലറ്റ് പദ്ധതി ആരംഭിച്ചത്. അമേരിക്കയ്ക്ക് പുറത്തുള്ള സെർവ് റോബോട്ടിക്സിന്റെ ആദ്യ പ്രവർത്തനകേന്ദ്രം കൂടിയാണ് ഗോൾഡ് കോസ്റ്റ്.
നിലവിൽ സൗത്ത്പോർട്ടിലെ Gnocchi Gnocchi റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് DoorDash ആപ്പിലൂടെ റോബോട്ട് ഡെലിവറി തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഫുട്പാത്തിലൂടെ കാൽനടയാത്രക്കാരുടെ വേഗതയിൽ സഞ്ചരിക്കുന്ന റോബോട്ടുകൾ, വഴിയാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ യാത്ര ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്. റിമോട്ട് സൂപ്പർവൈസർമാരുടെ നിരീക്ഷണവും ഇവയ്ക്കുണ്ട്.
മലയാളി വിദ്യാർത്ഥികളുടെ ജോലിക്ക് ഭീഷണിയുണ്ടോ?
ഓസ്ട്രേലിയയിൽ പഠനത്തോടൊപ്പം ഫുഡ് ഡെലിവറി ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന നിരവധി മലയാളി വിദ്യാർത്ഥികൾക്ക് ഈ പുതിയ പരീക്ഷണം ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡെലിവറി തൊഴിലാളികളുടെ ജോലി പൂർണമായും റോബോട്ടുകൾ ഏറ്റെടുക്കുന്ന സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
അടുത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നുള്ള കുറഞ്ഞ ദൂരത്തിലുള്ള ഡെലിവറികൾ മാത്രമാണ് നിലവിൽ റോബോട്ടുകൾ കൈകാര്യം ചെയ്യുന്നത്. ദൂരെയുള്ള ഓർഡറുകളും മറ്റ് ഡെലിവറി ജോലികളും പതിവുപോലെ മനുഷ്യരായ Dashers തുടരും. അതിനാൽ ഉടൻതന്നെ ഡെലിവറി മേഖലയിലെ തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
വിദ്യാർത്ഥികൾക്ക് പുതിയ തൊഴിലവസരങ്ങളും
റോബോട്ടുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഡിപ്പോ Griffith University-യിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ റോബോട്ടിക്സ്, ഫീൽഡ് എഞ്ചിനീയറിങ് തുടങ്ങിയ സാങ്കേതിക മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും മറ്റ് തൊഴിൽ അവസരങ്ങൾക്കും സാധ്യത തുറക്കുന്നുണ്ട്.
കൂടുതൽ റെസ്റ്റോറന്റുകളെ പദ്ധതിയുടെ ഭാഗമാക്കാനാണ് കമ്പനികളുടെ ലക്ഷ്യം. എന്നാൽ പൊതുജനങ്ങളുടെ പ്രതികരണവും പരീക്ഷണത്തിന്റെ വിജയവും വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക.
സാങ്കേതികവിദ്യയുടെ വളർച്ച ഭക്ഷണവിതരണ രംഗത്തും പുതിയ അധ്യായം തുറക്കുമ്പോൾ, നിലവിലെ ഡെലിവറി തൊഴിലാളികൾക്ക് ഇത് എത്രത്തോളം വെല്ലുവിളിയാകുമെന്നും ഭാവിയിൽ പുതിയ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.




























