തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍ ലഭിച്ച സന്ദേശം വിശ്വസിച്ച് കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ ട്രേഡിങ് നടത്തിയ രാഗേഷില്‍നിന്ന് 2025 ജനുവരി 19നും 21നും ഇടയിലായി പല തവണകളായി 1001780 രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. ട്രേഡിങ് സൈറ്റില്‍ 15 ലക്ഷം രൂപ ബാലന്‍സ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല.