പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പീഡന പരാതിയുമായി കുടുംബം. കുത്തനൂർ സ്വദേശി രമേശിന്റെ ഭാര്യ ഗ്രീഷ്മ മരിച്ച സംഭവത്തിലാണ് പരാതി. അസ്വാഭാവിക മരണത്തിന് കേസെടുത്ത കുഴൽമന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു. 70 കാരിയായ വേശിയുടെ ഏക മകളാണ് ഗ്രീഷ്മ. ഏഴു വർഷം മുമ്പ് കയ്യിലുള്ളതെല്ലാം കൊടുത്ത് വിവാഹം ചെയ്തയച്ചു. ഗ്രീഷ്മക്ക് മക്കളുണ്ടാകാൻ വൈകി. മൂന്നുവയസുകാരൻ മകനുണ്ടായപ്പോൾ മകനെ ഗ്രീഷ്മയിൽ നിന്നും അകറ്റാൻ ശ്രമിച്ചു. ചെലവിന് പോലും കൊടുക്കാതെ പ്രയാസപ്പെടുത്തി.
സംഭവം നടന്ന ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കൊപ്പം ഗ്രീഷ്മയും ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തു. ശേഷം സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി. വൈകിട്ട് 7.30 ഓടെ ഗ്രീഷ്മയ്ക്ക് സുഖമില്ലെന്ന് ഭർതൃവീട്ടിൽ നിന്നും വിവരം ലഭിച്ചു. പിന്നാലെ കുത്തനൂരിലെ ഭർതൃവീട്ടിലെത്തിയപ്പോഴേക്കും ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് വേശി പൊലീസിന് നൽകിയ പരാതി.
ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് ഗ്രീഷ്മ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെയും ആരോപണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത കുഴൽമന്ദം പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ഗ്രീഷ്മയുടെ അമ്മയുടെയും ബന്ധുക്കളുടേയും മൊഴിയെടുത്ത ശേഷം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം ഗ്രീഷ്മയ്ക്ക് വീട്ടിൽ മറ്റു പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ഗ്രീഷ്മയുടെ പിതാവുമായി ബന്ധപ്പെട്ട മാനസിക പ്രയാസങ്ങളാകാം മരണകാരണമെന്നാണ് ഭർതൃവീട്ടുകാരുടെ വിശദീകരണം. ഇക്കാര്യവും പൊലീസ് പരിശോധിക്കും.