ദില്ലി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-എസ് പി (സമാജ്വാദി ) സഖ്യം ജയിച്ചാല്‍ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്റെ ആളുകള്‍ക്ക് നല്‍കുമെന്നാണ് പ്രസംഗിച്ചിരിക്കുന്നത്.
യുപിയിലെ ബാരാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പുതിയ വിവാദ പ്രസംഗം. കോൺഗ്രസ്-എസ് പി സഖ്യം ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി പ്രസംഗിച്ചു. എവിടെയാണ് ബുള്‍ഡോസർ കയറ്റേണ്ടതെന്ന് യോഗിയില്‍ നിന്ന് പഠിക്കാനും മോദിയുടെ നിര്‍ദേശം.
ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കുമെന്ന പരാമര്‍ശം യുപിയിലെ ഹാമിര്‍പൂരിലെ പ്രസംഗത്തിലും മോദി ആവര്‍ത്തിച്ചു.
കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ പ്രസംഗം. കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അത് കൊടുക്കേണ്ടതുണ്ടോ എന്നും ചോദിച്ചിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഈ പ്രസംഗത്തിന് പിന്നാലെ മോദി നേരിടേണ്ടിവന്നത്.