വയോങ്: ചരിത്രത്തിലെ ഏറ്റവും നീതിമാനായ പുരുഷന്റെ കഥയിലൂടെ തീവ്രമായ നാടകാനുഭവം കലാസ്‌നേഹികളായ സെന്‍ട്രല്‍ കോസ്റ്റ് മലയാളികള്‍ക്കു സമ്മാനിക്കാന്‍ തച്ചന്‍ എന്ന ബൈബിള്‍ നാടകവുമായി കാഞ്ഞിരപ്പള്ളി അമലാ തീയറ്റേഴ്‌സ് വയോങ്ങിലെത്തുന്നു. ഈ മാസം 26ന് ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് വയോങ് ഡിസ്ട്രിക്ട് യൂത്ത് ആന്‍ഡ് കമ്യൂണിറ്റി സെന്ററിലാണ് നാടകം അരങ്ങിലെത്തുന്നത്.
ദൈവപുത്രന്റെ അവതാര കഥയില്‍ വളര്‍ത്തുപിതാവ് എന്ന അരികുപറ്റിയുള്ള സ്ഥാനത്തിലേക്കു സ്വയം ചുരുങ്ങാന്‍ സമ്മതം കൊടുത്ത മരപ്പണിക്കാരന്‍ യുവാവിന് ബൈബിള്‍ കൊടുക്കുന്ന വിശേഷണം നീതിമാന്‍ എന്നതാണ്. ദൈവപുത്രനെ കുരിശില്‍ തറയ്ക്കാന്‍ വിധിയെഴുതി കൈകഴുകുമ്പോള്‍ ദേശത്തിന്റെ അധിപനായ പീലാത്തോസ് കൊടുത്ത വിശേഷണം ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ല എന്നും. നീതിമാനായ വളര്‍ത്തുപിതാവും നീതിമാനായ പുത്രനും എന്ന ഉള്ളുലയ്ക്കുന്ന സമാനതകളിലൂന്നി വികസിക്കുന്ന ഇതിവൃത്തം നാടകരൂപത്തില്‍ അരങ്ങിലെത്തുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അതു വേറിട്ട ബൈബിള്‍ നാടകാനുഭവമായി മാറുന്നു. മലയാളി സാന്നിധ്യം വളരെ ശക്തമായ സെന്‍ട്രല്‍ കോസ്റ്റില്‍ വയോങ്, ഗോസ്‌ഫോഡ് മേഖലകള്‍ക്കു വേണ്ടി വയോങ്ങിലെ വേദിയില്‍ മാത്രമാണ് ഈ നാടകമെത്തുന്നത്. (വിലാസം: Wyong District Youth and Community Centre, 191 Wallarah RD, Kanwal, NSW 2259).
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. തോമസ് (Phone: +61 436969044), പ്രിന്‍സ് (Phone: +61 424243662), ജോസ് (Phone: +61 406448783) എന്നിവരെ ബന്ധപ്പെടുക.
സീറോ മലബാര്‍ സഭയുടെ പ്രത്യേക നാടകപര്യടന പരിപാടി ഓസ്‌ട്രേലിയയിലെ മറ്റു നിരവധി സ്‌റ്റേജുകളിലും കാണികളിലേക്കെത്തുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് അമലയുടെ ഈ നാടക പ്രര്യടനം ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. നവംബര്‍ ഏഴിനു പെര്‍ത്തിലാണ് അവസാന അരങ്ങേറ്റം. വിവിധ സ്ഥലങ്ങളില്‍ നാടകം അരങ്ങിലെത്തുന്ന തീയതികള്‍ ഇതോടൊപ്പമുള്ള പോസ്റ്ററില്‍ വായിക്കാം.