ന്യൂ സൗത്ത് വെയിൽസ് :കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയിൽസിൽ ആകാശത്ത് അഗ്നിഗോളം ദൃശ്യമായതായി റിപ്പോർട്ട്. വൈകിട്ട് ഏഴരയോടെയാണ് അഗ്നിഗോളം ദൃശ്യമായത്. നിമിഷനേരത്തിനുള്ള അഗ്നിഗോളം പൊട്ടിത്തെറിക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ ഉൽക്കയുടെ ദൃശ്യം നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളിയായ ജീവൻ സാം.
ജെർവിസ് ബേയിൽനിന്നു സിഡ്നിയിലേക്ക് കാറിൽ കുടുംബമായി സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. ‘വൈകിട്ട് ഏഴരയോടെ ആകാശത്ത് തിളക്കമുള്ള പച്ച അഗ്നിഗോളം പ്രത്യക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ടാണ് ആ അഗ്നിഗോളം പൊട്ടിതെറിച്ചത്. ആശ്ചര്യത്തോടെയാണ് തങ്ങൾ ഇത് കണ്ടുനിന്നതെന്ന് ജീവൻ പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങെനെ ഒന്ന് കാണുന്നത്. തുടക്കത്തിൽ ഇത് ഉൽക്കയാണെന്ന് അറിഞ്ഞിരുന്നില്ല’.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ചെറിയ ഉല്‍ക്കകൾ തീഗോളമായി മാറുന്നു. അന്തരീക്ഷത്തില്‍വച്ച് പൂര്‍ണമായും കത്തിനശിക്കാത്തവയാണ് ഭൂമിയിലേക്കെത്തുന്നത്. ഇത്തരത്തില്‍ ഭൂമിയിലെത്തുന്നവയില് മിക്കതും സമുദ്രത്തിലാണ് പതിക്കുക.ലിറിഡ് എന്ന ഉൽക്കാവർഷം ഏപ്രിൽ 18 മുതൽ 26 വരെ ഓസ്ട്രേലിയയിൽ ദൃശ്യമാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത് ലിറിഡ് അല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഇത് വടക്ക്നിന്ന് തെക്ക് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത് തെക്ക്നിന്നു വടക്കിലേക്കായിരുന്നു സഞ്ചരിച്ചത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
ജീവന്റെ കാറിന്റെ ഡാഷ് ക്യാമിൽ ഉൽക്കാവർഷത്തിന്റെ വിഡിയോ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയിലെ മാധ്യമങ്ങളെ ജീവൻ ഈ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറും സമാനമായ അനുഭവം പങ്കുവച്ചു. കഴിഞ്ഞ 11 വർഷമായി കുടുംബമായി ഓസ്ട്രേലിയയിൽ താമസിക്കുന്ന ജീവൻ കോട്ടയം കാരിത്താസ് സ്വദേശിയാണ്.































