തിരുവനന്തപുരം : സിപിഎമ്മിനോട് ഇടഞ്ഞ പി വി അൻവറിനെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയിൽ വിലയിരുത്തൽ. അൻവർ കത്തി തീർന്നു, പക്ഷേ അൻവറിന് പിന്നിൽ ഉരുത്തിരിയുന്ന ന്യൂന പക്ഷ രാഷ്ട്രീയത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി.
എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാട്. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്.