തൃശൂര്‍: വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ട് ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടില്‍ സഫല്‍ ഷാ (19), നടത്തറ കൊഴുക്കുള്ളി സ്വദേശി മൂര്‍ക്കനിക്കര വീട്ടില്‍ സഞ്ചയ് (22), ചൊവ്വൂര്‍ സ്വദേശി പൊന്നൂര്‍ വീട്ടില്‍ ബിഷ്ണു (22) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു അക്രമ സംഭവം നടന്നത്. ഡിഗ്രി വിദ്യാര്‍ഥിയായ 21 വയസുകാരനെ തടഞ്ഞ് നിര്‍ത്തി പ്രതികള്‍ 500 രൂപ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയില്‍ പണമില്ല എന്നറിയിച്ചപ്പോള്‍ യുവാവിന്റെ ശരീരത്തില്‍ തപ്പി നോക്കുകയും പണം തന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.