ആലപ്പുഴ: ആലപ്പുഴയിൽ 18കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ അറസ്റ്റിലായ 57 കാരൻ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസിയായ 57 കാരൻ ജോസ് വീട്ടു വരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് കുടുംബം.
മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപിച്ച കേസിൽ ഇയാൾ റിമാന്‍റിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജോസ്, പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൊലീസ് ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.