സിഡ്‌നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ വാര്‍ണര്‍ മികച്ച തുടക്കം നേടിയെങ്കിലും 68 പന്തില്‍ 34 റണ്‍സുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ആഗ സല്‍മാനാണ് വാര്‍ണറെ പുറത്താക്കിയത്. വാര്‍ണറുടെ വിക്കറ്റ് വീണതോടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് നിശബ്ദമായി. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റോടെ വിരമിക്കുമെന്ന് ഡേവിഡ് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 112 ടെസ്റ്റ് മത്സരങ്ങളില്‍ 26 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും സഹിതം 44.54 ശരാശരിയില്‍ 8729 റണ്‍സ് ഡേവിഡ് വാര്‍ണര്‍ക്കുണ്ട്.
മത്സരത്തില്‍ പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 313 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാംദിനം രണ്ടാം സെഷനില്‍ 39 ഓവറില്‍ ഒരു വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലാണ്. ഓസീസ് ഇന്നിംഗ്‌സിലെ 25-ാം ഓവറില്‍ ടീം സ്കോര്‍ 70ല്‍ നില്‍ക്കേ ഡേവിഡ് വാര്‍ണറെ നഷ്ടമായപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമത്തിലാണ് ഉസ്‌മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്‌നും. പാകിസ്ഥാന്‍റെ സ്കോറിനൊപ്പമെത്താന്‍ ഓസ്ട്രേലിയക്ക് ഇനി 213 റണ്‍സ് കൂടി വേണം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് നാല് റണ്‍സിനിടെ രണ്ടും 96 റണ്‍സിനിടെ അഞ്ചും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍, ഒന്‍പതാമനായിറങ്ങി വെടിക്കെട്ടുമായി വിസ്മയിപ്പിച്ച ആമെര്‍ ജമാല്‍ എന്നിവരുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 77.1 ഓവറില്‍ 313 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. റിസ്‌വാന്‍ 103 പന്തില്‍ 88 ഉം ജമാല്‍ 97 പന്തില്‍ 82 റണ്‍സെടുത്ത് മടങ്ങി. ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖും സയീം അയൂബും പൂജ്യത്തിനും നായകന്‍ ഷാന്‍ മസൂദ് 35നും ബാബര്‍ അസം 26നും പുറത്തായി. 61 റണ്‍സിന് അഞ്ച് വിക്കറ്റുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസീസിനായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹേസല്‍വുഡും നേഥന്‍ ലിയോണും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും വീഴ്ത്തി.