സിഡ്‌നി: ക്വീന്‍സ്‌ലാന്‍ഡ്, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍തേണ്‍ ടെറിറ്ററി എന്നിവ ഒഴികെയുള്ള എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിങ് ആരംഭിച്ചു. ഇതോടെ സായാഹ്നങ്ങളില്‍ ഒരു മണിക്കൂര്‍ സമയം കൂടി പകല്‍ ആയി കണക്കാക്കുന്ന പതിവു രീതി തുടങ്ങി. ഇനി ഏപ്രില്‍ മാസത്തിലെ ആദ്യ ഞായര്‍ വരെ ഇങ്ങനെ തന്നെ തുടരുകയും ചെയ്യും.
പുലര്‍ച്ചെ രണ്ടു മണിയോടെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഒരു മണിക്കൂര്‍ തന്നത്താന്‍ മുന്നിലേക്കു കയറിയപ്പോള്‍ സമയം അനലോഗ് രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപകരണങ്ങളില്‍ മാനുവലായി ഒരു മണിക്കൂര്‍ മുന്നിലേക്ക് മാറ്റി മൂന്നുമണിയെന്നു സെറ്റ് ചെയ്ത് പുതിയ ഡേലൈറ്റ് സേവിങ് മാസങ്ങളെ ഓസ്‌ട്രേലിയന്‍ ജനത സ്വാഗതം ചെയ്തു.
ന്യൂസൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഡേ ലൈറ്റ് സേവിങ് ബാധകമായിട്ടുള്ളത്. തൊഴില്‍ കരാറുകളില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലാളികള്‍ക്ക് അവര്‍ അധികമായി ജോലി ചെയ്യുന്ന ഒരു മണിക്കൂറിന് അധിക വേതനം ലഭിക്കും. ശരീരത്തെ ഇതിനനുസരിച്ച് പൊരുത്തപ്പെടുത്തുന്നതിന് എല്ലാവരും ഉറക്കം ക്രമീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്