സിഡ്‌നി: കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്ന കണക്കനുസരിച്ച് സെപ്റ്റംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 4.3 ശതമാനമായിരുന്നിടത്തു നിന്നാണ് ഒരു മാസംകൊണ്ട് ഇത്രയും വര്‍ധനയുണ്ടായിരിക്കുന്നത്. 2021 നവംബറിലായിരുന്നു രാജ്യത്ത് ഇതിലും കൂടിയ തൊഴിലില്ലായ്മ രേഖപ്പെടുത്തിയിരുന്നത്. അടുത്ത മാസം നാലാം തീയതി പുതിയ പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കാനിരിക്കെയാണ് തൊഴിലില്ലായ്മയുടെ ഈ കണക്കുകള്‍ പുറത്തു വരുന്നത്.
വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പു വരുത്തുന്നതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമായിരിക്കേ വിപരീത ദിശകളിലേക്കാണ് ഈ പ്രശ്‌നങ്ങള്‍ രണ്ടും ചേര്‍ന്ന് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഓസ്‌ട്രേലിയയിലെ വിദഗ്ധന്‍ ഹാരി മര്‍ഫി അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ഉദ്ദേശിച്ചതിനെക്കാള്‍ വേഗത്തിലാണ് പണപ്പെരുപ്പം വന്നുകൊണ്ടിരിക്കുന്നത്. അതേ സമയം തൊഴില്‍ മാര്‍ക്കറ്റ് അനുദിനം ദുര്‍ബലമാകുകയുമാണ്. ഇതാണ് ഇപ്പോഴത്തെ ശരിയായ പ്രശ്‌നമെന്ന് അദ്ദേഹം പറയുന്നു.