മറ്റുള്ളവരെ ഭക്ഷണം കൊടുത്ത് സൽക്കരിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ വേറെ ലെവലാണ്. അക്കാര്യത്തിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ഒരാളെ കണ്ടാൽ മിക്കവരും സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരം ‘ഭക്ഷണം കഴിച്ചോ’ എന്നുവരെ ചോദിക്കാറുണ്ട്. വയറു നിറയെ ഭക്ഷണം കഴിപ്പിക്കുക, പിന്നീട് കഴിക്കാനുള്ള ഭക്ഷണം പോലും പൊതിഞ്ഞുകെട്ടി കൊടുത്തു വിടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യക്കാർ ചെയ്യാറുണ്ട്. എന്തായാലും, ഇങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. അതിന് വരുന്ന കമന്റുകളാവട്ടെ ഇന്ത്യക്കാരുടെ ഈ സൽക്കാരപ്രിയത്തെ പുകഴ്ത്തിക്കൊണ്ടുള്ളതുമാണ്.
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ബെറി സ്പ്രിംഗ്സ് നേച്ചർ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇത് പകർത്തിയിരിക്കുന്നത് ഇവാ എന്ന യുവതിയാണ്. ഇവാ ഒരു സിംഗിൾ മദറാണ്. അവർക്ക് ഒരു പെൺകുട്ടിയാണ് പേര് ഗയ. ഇവാ മകളായ ഗയയുമൊതത് പാർക്കിലൂടെ നടക്കുന്ന സമയത്താണ് ഒരു ഇന്ത്യൻ കുടുംബം അവിടെ ഭക്ഷണം കഴിക്കുന്നത് കണ്ടത്. കുട്ടികൾക്ക് മടി തീരെ കുറവാണല്ലോ? ഗയ ഉടനെ തന്നെ ഈ ഇന്ത്യൻ കുടുംബത്തിന്റെ ലഞ്ചിനിടെ അവരുടെ അടുത്ത് പോയിരുന്നു. അതോടെ അത് അവൾക്കൊരു വിരുന്നായി മാറി. കൂട്ടത്തിലുള്ള ഒരാളെ പോലെ ഇന്ത്യൻ കുടുംബം ഗയയേയും കണ്ടു. അവൾക്കും ഭക്ഷണം വിളമ്പി. കുട്ടിയാവട്ടെ യാതൊരു സങ്കോചവും കൂടാതെ തന്നെ ഇന്ത്യൻ കുടുംബം വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കാനും തുടങ്ങി.
‘കുട്ടികൾ എവിടെ പോയാലും അവരുടെ ജീവിതം മികച്ചതാക്കി മാറ്റും’ എന്നും ഇവാ കാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇന്ത്യക്കാരുടെ സൽക്കാരപ്രിയത്തെ കുറിച്ച് തന്നെയാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. അവർ കുട്ടിക്ക് പിന്നീട് കഴിക്കാനുള്ള ഭക്ഷണം വരെ ചിലപ്പോൾ കൊടുത്തുവിടും എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്.