സിഡ്‌നി: പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്ന നടപടി ഡിസംബര്‍ പത്തിന് ആരംഭിക്കാനിരിക്കേ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജാമ നെറ്റ്വര്‍ക്ക് ഇതു സംബന്ധിച്ച നടത്തിയ പഠനം ശ്രദ്ധേയമാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അധികസമയം ചെലവഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അല്ലാത്തവരെക്കാള്‍ ഗ്രഹണശേഷി കുറവാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഒമ്പതിനും പതിമൂന്നിനുമിടയില്‍ പ്രായമുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്.
സാമൂഹ്യ മാധ്യമ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചരിച്ചായിരുന്നു പഠനം. വായന, വൊക്കാബുലറി (വാക്കുകള്‍ സംബന്ധിച്ച അറിവ്), ഓര്‍മശക്തി എന്നിവ അളക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പഠനം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയേ ചെയ്യാത്ത വിദ്യാര്‍ഥികള്‍ ശരാശരി 103.5 സ്‌കോര്‍ കരസ്ഥമാക്കിയപ്പോള്‍ ഏറ്റവും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് 96.7 എന്ന താഴ്ന്ന സ്‌കോര്‍ മാത്രമായിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെ പന്ത്രണ്ടു വയസ് പിന്നിട്ടപ്പോഴാണ് ഇതിലേക്ക് കൂടുതല്‍ ആകൃഷ്ടരായി മാറിയത്. ഏറ്റവും കുറഞ്ഞ സോഷ്യല്‍ മീഡിയ ഉപയോഗം പോവും പഠനനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഈ പഠനം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ഉപയോഗം തടയുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന പരസ്യങ്ങള്‍ ഓസ്‌ട്രേലിയ ഇന്നു പുറത്തിറക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇത്തരം പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ വന്നുകൊണ്ടിരിക്കുമെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി അനിക വെല്‍സ് വെളിപ്പെടുത്തി.