ഇടുക്കി: തൊടുപുഴയില്‍ ബ്യൂട്ടി പാർലറിന്‍റെ മറവിൽ നടന്ന അനാശ്വാസ്യത്തിന്‍റെ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപിച്ച് പൊലീസ്. ബ്യൂട്ടി പാർലർ ഉടമ ഇപ്പോഴും ഒളിവിലാണ്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ. ഇയാളെ കണ്ടെത്തുന്നതിനായുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ് സംഘം. സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്.
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിച്ചിരുന്ന ലാവ ബ്യൂട്ടി പാർലറിനെ കുറിച്ച് ആര്‍ക്കും സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ബ്യൂട്ടി പാർലറെന്ന പേരിൽ നടത്തിയിരുന്നത് മസാജ് സെന്‍ററായിരുന്നു. അതുവഴി
അനാശാസ്യ പ്രവർത്തനങ്ങളുമാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലാവ ബ്യൂട്ടി പാര്‍ലറിലേക്ക് സ്ഥിരമായി ഇടപാടുകാര്‍ എത്തുന്നതായി തൊടുപുഴ പൊലീസ് രഹസ്യ വിവരം ലഭിച്ചതാണ് നിര്‍ണായകമായത്.
ഇതോടെ ഡി വൈ എസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബ്യൂട്ടി പാര്‍ലറില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ഇടപാടുകാരായ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും ഉള്‍പ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു.
കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലാവ ബ്യൂട്ടി പാർലർ. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. സന്തോഷിന് ഇത്തരം ഇടപാട് കേന്ദ്രങ്ങൾ വേറെയുമുണ്ടെന്ന് നിഗമനത്തില്‍ മറ്റ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ച് കഴിഞ്ഞു. അറസ്റ്റിലായ അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.