പെർത്ത് : മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ
പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകിയ ബൈബിൾ കൺവെൻഷന് പരിസമാപ്തി. പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ വെള്ളിയാഴ്ച്ച (25-10-2024) ആരംഭിച്ച ബൈബിൾ കൺവെൻഷൻ ഞായറാഴ്ച (27-10-2024) യാണ് അവസാനിച്ചത്. മൂവായിരത്തിയഞ്ഞൂറിലധികം മലയാളികൾ പങ്കെടുത്ത പെർത്തിലെ ബൈബിൾ കൺവെൻഷൻ വളരെയധികം വിജയകരമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കാനും ശരണപ്പെടാനും ദൈവമക്കൾക്കു സാധിക്കണമെന്ന് കേരള ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ പറഞ്ഞു.
ആദ്യ മനുഷ്യനായ ആദവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ ഫലങ്ങളെക്കുറിച്ചും അവ പ്രാപിക്കാൻ മനുഷ്യന്
അതിശക്തമായ ദൈവാനുഗ്രഹവും ദൈവാശ്രയ ബോധവും അനിവാര്യമാണെന്നതിനെ കുറിച്ചും വ്യക്തമാക്കിയ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ബൈബിളുമായി കൂടുതൽ അടുക്കുന്നതിനും, സഭാ വിശ്വാസികളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വേണ്ടി Bible On എന്ന മൊബൈൽ ആപ്ലിക്കേഷൻ നെക്കുറിച്ച് സംസാരിച്ചു. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷനിൽ ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ബൈബിൾ വായിക്കാവുന്നതാണ്. മാത്രമല്ല പ്രായമായവർക്ക് ഉപകാരപ്രദമാകും വിധം മലയാളം ഉൾപ്പെടെയുള്ള ഒട്ടനവധി ഭാഷകളിൽ ബൈബിളിന്റെ ഓഡിയോയും ഇതിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
എപ്പോഴും നല്ല വാക്കുകൾ പറയുന്നത് ഒരു ശീലമാക്കണമെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യൻ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും എന്ന തിരുവചനം ഓർമിപ്പിക്കുകയും ചെയ്തു.
വിശ്വാസികളുടെ ആത്മീയ ഉൾക്കാഴ്ചയെ ജ്വലിപ്പിച്ച് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകിയ മൂന്നു ദിവസത്തെ ബൈബിൾ കൺവെൻഷൻ വിജയകരമായി സമാപിച്ചു. കത്തോലിക്കാ സുവിശേഷവത്കരണ രംഗത്ത് ശക്തമായ സാന്നിധ്യമായി കൊണ്ടിരിക്കുന്ന ഫാദറിന്റെ ബൈബിൾ കൺവെൻഷനുകൾ കേരളത്തിലെയും വിദേശത്തേയും എണ്ണമറ്റ വിശ്വാസികളെ അവരുടെ വിശ്വാസത്തെ ആഴത്തിൽ ആക്കാൻ സഹായിച്ചിട്ടുണ്ട്.