ദില്ലി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മാത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ”കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം” എന്ന തന്റെ പുസ്തകം ബിൽ ഗേറ്റ്‌സ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ് ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ മുൻകൈ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.കോവിഡ് മഹാമാരിക്ക് ശേഷമുള്ള തന്റെ ആദ്യ ഇന്ത്യൻ പര്യടനത്തിലാണ് ബിൽ ഗേറ്റ്‌സ്.മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാരഥി കൂടിയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ഇന്ത്യയെ മുൻകൈ എടുക്കണമെന്നും ബിൽ ഗേറ്റ്‌സ് ആവശ്യപ്പെട്ടു. 1980-കളുടെ മധ്യത്തിൽ ഇന്റലിനൊപ്പം പ്രവർത്തിച്ച കാലം മുതൽ രാജീവ് ചന്ദ്രശേഖറിന് ബിൽ ഗേറ്റ്‌സിനെ അറിയാം. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സാങ്കേതിക മേഖലയിൽ മൂന്ന് പതിറ്റാണ്ട് നീണ്ട കരിയർ രാജീവ് ചന്ദ്രശേഖറിനുണ്ട്.