സിഡ്‌നി: ഓസ്‌ട്രേലിയ പുകച്ചുതള്ളുന്ന സിഗരറ്റുകളില്‍ 64 ശതമാനവും കളളക്കടത്തെന്ന് ആഭ്യന്തര ഉപഭോഗം സംബന്ധിച്ച് നടന്ന പഠനം പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള പഠനമനുസരിച്ച് കള്ളക്കടത്ത് പുകയില വിപണി ആയിരം കോടി ഡോളറിന്റേത്. കള്ളക്കടത്ത് സിഗരറ്റുകളും മറ്റും ഓസ്‌ട്രേലിയന്‍ പുകയില വിപണിയെ വിഴുങ്ങിയതായി മനസിലാക്കുന്നത് 2020ലാണ്. അപ്പോള്‍ ഈയിനത്തിലുള്ള നികുതി വരുമാനം 1600 കോടി ഡോളറില്‍ നിന്ന് 740 കോടി ഡോളറിലേക്ക് കുത്തനെ താഴന്നതിന്റെ കാരണം തേടി നടത്തിയ പഠനമാണ് കള്ളക്കടത്തിന്റെ ആഴവും തോതും വെളിയില്‍ കൊണ്ടുവരുന്നത്.
സാഹചര്യത്തിന് ഇടയാക്കിയത് നിയമവിധേയമായ രീതിയില്‍ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുന്ന സിഗരറ്റുകള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന കനത്ത നികുതിഭാരമാണെന്നു ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പണ്ടേയുള്ള നികുതിക്കു പുറമെ കഴിഞ്ഞ മാസം അഞ്ചു ശതമാനം നികുതി കൂടി വര്‍ധിപ്പിച്ചിരിക്കുകയുമാണ്. ഇതോടെ ഇരുപതു സിഗരറ്റിന്റെ ഒരു പായ്ക്കറ്റിന് നാല്‍പതു ഡോളറോളമാണ് നികുതി. അതായത് ഒരു സിഗരറ്റിനു മാത്രം നികുതിയായി 1.49 ഡോളര്‍ കൊടുക്കേണ്ടതായി വരുന്നു. ഇത്രയും പണം ലാഭിക്കുന്നതിനു വേണ്ടിയാണ് പുകവലിക്കാര്‍ കള്ളക്കടത്ത് സിഗരറ്റുകളിലേക്കു തിരിയുന്നതെന്നു പഠനം വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ അതിഭീകരമായ നികുതി നിരക്കുകളാണ് സിഗരറ്റിന്റെ കരിഞ്ചന്തയ്ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്നു പറയുന്നത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ആര്‍തര്‍ ലാഫറാണ്. ലോകം മുഴുവന്‍ പിന്തുടരുന്ന സാമ്പത്തിക ശാസ്ത്ര സങ്കല്‍പമായ ലാഫര്‍ കര്‍വ് ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു രാജ്യത്തില്‍ ഏതെങ്കിലും ഉല്‍പ്പന്നത്തിന് നികുതിയേ ഇല്ലെങ്കില്‍ സര്‍ക്കാരിനു വരുമാനമേയില്ല. എന്നാല്‍ നൂറുശതമാനം നികുതിയാണെങ്കില്‍ ആ ഉല്‍പ്പന്നത്തില്‍ ഉപഭോക്താവിനു താല്‍പര്യമേ ഇല്ലാതെ വരും. ഇതാണ് ഓസ്‌ട്രേലിയയിലെ സിഗരറ്റിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. താങ്ങാവുന്നതിലും അധികം നികുതിയാകുമ്പോള്‍ ജനങ്ങള്‍ മറ്റു വഴികള്‍ തേടുന്നു. ഇരുകൂട്ടര്‍ക്കും ആദായകരമാകുന്ന വിധത്തില്‍, അതായത് ലാഫര്‍ കര്‍വില്‍, നികുതിയെത്തിക്കുക മാത്രമാണ് ഈ പ്രശ്‌നത്തിനു പരിഹാരമെന്ന് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കൂടിയായ ആര്‍തര്‍ ലാഫര്‍ പറയുന്നു.