സിഡ്നി: സിഡ്നിയെ നടുക്കിയ വെടിവയ്പിൽ ജൂതവിശ്വാസികൾക്ക് നേരെ വെടിയുതിർത്തത് ലാഹോർ സ്വദേശിയായ വിദ്യാർത്ഥിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിഡ്നിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള നവീദ് അക്രം എന്നയാളാണ് ബോണ്ടി ബീച്ചിൽ വെടിയുതിർത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പ്രാന്തപ്രദേശമായ ബോണിറിഗിലെ ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോർട്ടുകൾ.പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ് 24കാരനായ നവീദ് അക്രം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടേതെന്ന പേരിൽ ലൈസൻസിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.































