ബംഗളൂരു: വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെൺകുട്ടികൾ ചുരുക്കമാണ്. എന്നാൽ, അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിപ്പോയാലോ! അത്തരമൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. വധു ബ്യൂട്ടിപാർലറിൽ പോയതിനാൽ വരൻ വിവാഹം വേണ്ടെന്ന് വച്ചു എന്നാണ് വാർത്ത. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം. കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാർത്ത. ഇത് കണ്ടതോടെയാണ് വരൻ വിവാഹം ഉപേക്ഷിച്ചത്. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.ബ്യൂട്ടിപാർലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ കേസ് നൽകിയിട്ടുണ്ട്. ബ്യൂട്ടിപാർലർ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.