മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വര്‍ധിച്ചു വരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലെ ഒരു കാരണം കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇഷ്യു ചെയ്യുന്ന വിദ്യാര്‍ഥി വീസകളാണെന്ന് വിദ്യാഭ്യാസ മേഖലയിലെ ഒരു പഠനം വ്യക്തമാക്കുന്നു. പഠനത്തിനെന്ന പേരിലെത്തുകയും പഠിക്കാതെ പണി തേടിയിറങ്ങുകയും ചെയ്യുന്ന ഇക്കൂട്ടരാണ് എവിടെ നോക്കിയാലും കുടിയേറ്റക്കാര്‍ എന്ന പൊതു ധാരണ വളര്‍ത്തുന്നത്. ഇന്ത്യയിലും നേപ്പാളിലും നിന്നാണ് ഇവരില്‍ അധികവുമെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരൊക്കെ ആശ്രയിക്കുന്നത് താല്‍ക്കാലിക സ്റ്റുഡന്റ് വീസകളാണ്.
2023-24 സാമ്പത്തിക വര്‍ഷം താല്‍ക്കാലിക സ്റ്റുഡന്റ് വീസകളിലായിരുന്നു ഏറ്റവുമധികം കുടിയേറ്റക്കാര്‍ ഓസ്ട്രേലിയയിലേക്കെത്തിയത്. ഇക്കൂട്ടരുടെ എണ്ണം 2.07 ലക്ഷമായിരുന്നു. ഇത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി വീസകളിലൂടെ ഓസ്ട്രേലിയ ഒരു വര്‍ഷം ദേശീയ ഖജനാവിലേക്ക് സമ്പാദിക്കുന്നത് 51 ബില്യണ്‍ ഡോളറാണ്. ഇതില്‍ 30.2 ബില്യണ്‍ വിദ്യാര്‍ഥികള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയായി ലഭിക്കുന്നതും 20.6 ബില്യണ്‍ ട്യൂഷന് ഫീസ് ഇനത്തില്‍ ലഭിക്കുന്നതുമാണ്. ഇരുമ്പ് അയിരും കല്‍ക്കരിയും പ്രകൃതി വാതകവും കഴിഞ്ഞാല്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കയറ്റുമതിച്ചരക്ക് ഇവിടുത്തെ വിദ്യാഭ്യാസ സൗകര്യങ്ങളാണെന് ഈ കണക്ക് വ്യക്തമാക്കുന്നതായി പഠനം പറയുന്നു. അതായത് ഇന്ത്യക്കാര്‍ ഓസ്്ട്രേലിയ നിറയ്ക്കുകയല്ല, ഇവിടുത്തെ ഖജനാവ് നിറയ്ക്കുകയാണ് ചെയ്യുന്നത്.
ഓസ്ട്രേലിയയിലേക്ക് വന്നെത്തുന്ന വിദ്യാര്‍ഥികളില്‍ 17 ശതമാനം ഇന്ത്യയില്‍ നിന്നു മാത്രമാണ്. ഇങ്ങനെ വന്നെത്തുന്ന വിദ്യാര്‍ഥികളില്‍ കുറേ പേരെങ്കിലും അവര്‍ക്കൊപ്പം താമസിക്കാനെന്ന പേരില്‍ സ്വന്തം കുടുംബാംഗങ്ങളെയും കൂടി കൊണ്ടു വരുന്നുണ്ട്. ഇക്കൂട്ടരും കുടിയേറ്റക്കാരുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. രാജ്യത്തെ നിയമമനുസരിച്ച് വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങല്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ 48 മണിക്കൂര്‍ വരെ എന്തെങ്കിലും ജോലി ചെയ്തു വരുമാനമുണ്ടാക്കാന്‍ അനുവാദമുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഇത്രയും സമയം തന്നെ ജോലി ചെയ്യുന്നതിന് അനുമതി ലഭിക്കും. വൈദഗ്ധ്യം ആവശ്യമില്ലാത്ത സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അങ്ങേയറ്റത്തെ ക്ഷാമം അനുഭവപ്പെടുന്ന രാജ്യത്ത് ഉള്‍പ്രദേശങ്ങളിലെ തൊഴിലാളികളില്‍ നല്ല പങ്കും ഇങ്ങനെ വിദ്യാഭ്യാസത്തിനെന്ന പേരില്‍ വന്നെത്തുന്ന ചെറുപ്പക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ്. കൃഷിയിടങ്ങളിലും കടകളിലും ക്ലീനിങ് ജോലികളിലുമെല്ലാം കണ്ടുമുട്ടുന്നത് ഇക്കൂട്ടരെയാണ്. സാധാരണ ഓസ്ട്രേലിയിക്കാര് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടാത്ത മേഖലകളിലാണിവരുടെ ജോലി മുഴുവന്‍. വിദ്യാര്‍ഥി വീസ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ഓസ്ട്രേലിയന്‍ കുടിയേറ്റത്തിനുള്ള മറ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. യൂണവേഴ്സി്റ്റി വേള്‍ഡ് ന്യൂസില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനമാണ് ഈ വസ്തുതകള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.