തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ട് അപ്രൂവലിനുള്ള പരിശോധന എന്നിവയ്ക്കുള്ള ഫീസിൽ കഴിഞ്ഞവർഷം വരുത്തിയ വൻ വർദ്ധന സർക്കാർ തിരുത്തി. പെർമിറ്റ് ഫീസ് 20 ഇരട്ടി വരെ വർദ്ധിപ്പിച്ചത് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടിയെങ്കിലും ജനങ്ങൾക്ക് വൻ ഭാരമായെന്ന വിമർശനം ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയിലും ചർച്ച ആയതോടെയാണ് തിരുത്തലിന് തയ്യാറായത്. ഫീസുകൾ 50 ശതമാനത്തിലേറെ കുറച്ച് പുതുക്കിയ നിരക്കുകൾ ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടങ്ങൾക്ക് വർഷം തോറും അടയ്ക്കേണ്ട വസ്തു നികുതി ഏപ്രിൽ 30ന് അകം അടച്ചാൽ 5% റിബേറ്റ് അനുവദിക്കും.