സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിലുള്ള ബുളളിയിങ് തടയുന്നതിനായി സർക്കാർ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നു. കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ അവർക്ക് ആവശ്യമായ കൗൺസിലിംഗും മാനസിക പിന്തുണയും നൽകി സ്വഭാവമാറ്റം കൊണ്ടുവരുന്ന രീതിയിലേക്കാണ് പുതിയ നയം വിരൽ ചൂണ്ടുന്നത്. പരാതി ലഭിച്ചാൽ രണ്ടു പ്രവൃത്തിദിവസത്തിനുള്ളിൽ സ്കൂളുകൾ നടപടി സ്വീകരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.
പരാതികൾ കൃത്യമായി തരംതിരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ഉടനടി ഇടപെടാനും സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബുളളിയിങ്ങിന് ഇരയാകുന്നവർക്കും അത് ചെയ്യുന്നവർക്കും ഒരുപോലെ കൗൺസിലിംഗും ബോധവൽക്കരണവും നൽകുന്നതിലൂടെ പ്രശ്നത്തിന്റെ വേരുകൾ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. കൃത്യമായ ആന്റി-ബുളളിയിങ് പദ്ധതികളില്ലാത്ത സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യത്തിലും നിയന്ത്രണമുണ്ടാകും. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ 2026-ഓടെ എല്ലാ സ്കൂളുകളിലും ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്:
ത്വരിത നടപടി: ഓരോ പരാതിയും രണ്ട് ദിവസത്തിനുള്ളിൽ പരിശോധിക്കുകയും (Triage) ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.
കൗൺസിലിംഗിന് പ്രാധാന്യം: വെറും ശിക്ഷാ നടപടികൾക്ക് പകരം കുട്ടികൾക്ക് വൈകാരിക നിയന്ത്രണവും മറ്റും പഠിപ്പിക്കുന്ന കൗൺസിലിംഗിനാണ് പ്രാധാന്യം നൽകുന്നത്.
രജിസ്ട്രേഷൻ മാനദണ്ഡം: ഈ ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകളുടെ അംഗീകാരം (Registration) റദ്ദാക്കാൻ പോലും NSW Education Standards Authority (NESA)-യ്ക്ക് അധികാരമുണ്ടാകും.
സുരക്ഷാ പ്ലാൻ: ബുളളിയിങ്ങിന് ഇരയാകുന്ന കുട്ടികൾക്കായി പ്രത്യേക സുരക്ഷാ പ്ലാനുകളും (Personalised Safety Plans) സ്കൂളുകൾ തയ്യാറാക്കണം.
2026 മുതൽ ഈ നിയമങ്ങൾ എല്ലാ സർക്കാർ, സ്വകാര്യ, കാത്തലിക് സ്കൂളുകളിലും നടപ്പിലാക്കി തുടങ്ങും.































