ലണ്ടൻ/ഹൂസ്റ്റൺ: വിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ നിറത്തിന്‍റെ പേരിൽ കടുത്ത അവഹേളനം നേരിട്ട് യാത്രക്കാരൻ. 2025 സെപ്റ്റംബർ 24ന് ഹൂസ്റ്റണിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് ടിക്കറ്റിന് ഏകദേശം 5,000 ഡോളർ (ഏകദേശം 4 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവഴിച്ച യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. തന്‍റെ നിരയിലെ മറ്റെല്ലാവർക്കും നൽകിയെങ്കിലും തനിക്ക് വെൽക്കം ഡ്രിങ്ക് നിഷേധിക്കപ്പെട്ടു എന്നാണ് യാത്രക്കാരന്‍റെ പരാതി.
സംഭവം ഇങ്ങനെ
സീറ്റ് 9 എഫിൽ ഇരുന്ന യാത്രക്കാരൻ, തന്‍റെ നിരയിലെ മറ്റ് യാത്രക്കാർക്കെല്ലാം വിമാനജീവനക്കാർ ഷാംപെയ്ൻ നൽകുന്നത് ശ്രദ്ധിച്ചു. എന്നാൽ, തന്നെ മാത്രം ഒഴിവാക്കിയപ്പോൾ, അദ്ദേഹം വിനയത്തോടെ കാരണം തിരക്കി. അപ്പോൾ വിമാനജീവനക്കാരി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഓ, നിങ്ങൾ അപ്‌ഗ്രേഡ് ചെയ്തതാണെന്നാണ് ഞാൻ കരുതിയത്.”
നിരയിലെ ഒരേയൊരു കറുത്ത വർഗ്ഗക്കാരനായിരുന്നു താനെന്നും, താൻ ബിസിനസ് ക്ലാസിൽ അംഗമല്ല എന്ന ധ്വനിയാണ് ജീവനക്കാരിയുടെ ഈ മറുപടിയിൽ ഉണ്ടായിരുന്നതെന്നും യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച വിശദമായ പോസ്റ്റിൽ കുറിച്ചു. “എന്‍റെ ടിക്കറ്റ് ഏത് തരത്തിലുള്ളതാണെന്ന് അവർക്ക് അറിയാൻ ഒരു മാർഗവുമില്ല. ഒരുപക്ഷേ ഞാൻ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതാണെങ്കിൽ പോലും, ബിസിനസ് ക്ലാസിലെ എല്ലാ യാത്രക്കാർക്കും വെൽക്കം ഡ്രിങ്ക് നൽകുക എന്നതാണ് പ്രോട്ടോക്കോൾ. അതുകൊണ്ട് അവർ എന്നെ കണ്ടപ്പോൾ, ഞാൻ ഇവിടെ ഉൾപ്പെടുന്നില്ല എന്ന് തീരുമാനിച്ചു.”
“ആ നിമിഷം എനിക്ക് എത്രത്തോളം ചെറുതായും, അപമാനിതനായും തോന്നി എന്ന് വിശദീകരിക്കാൻ കഴിയില്ല. മറ്റെല്ലാവരെയും പോലെ ഞാൻ പണം നൽകി, എന്നിട്ടും തെറ്റായ സീറ്റിലിരിക്കുന്ന ഒരാളെപ്പോലെ എന്നോട് പെരുമാറി. ഇത് ഒരു ഗ്ലാസ് ഷാംപെയ്‌നിന്‍റെ കാര്യമല്ല, മറിച്ച് പക്ഷപാതം, മുൻവിധി, ബഹുമാനമില്ലായ്മ എന്നിവയെക്കുറിച്ചാണ്.”
പരാതിയും സോഷ്യൽ മീഡിയ പ്രതികരണങ്ങളും
യാത്രക്കാരൻ ബ്രിട്ടീഷ് എയർവേയ്‌സിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഒരു പതിവ് ക്ഷമാപണത്തിന് പകരം, ഈ പക്ഷപാതപരമായ സംഭവത്തിൽ കൃത്യമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രീമിയം നിരക്കുകൾ ഈടാക്കുമ്പോൾ എല്ലാ യാത്രക്കാരെയും മാന്യതയോടെ കാണാൻ ജീവനക്കാർക്ക് മികച്ച പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പോസ്റ്റ് ഉടൻ തന്നെ ഓൺലൈനിൽ ശ്രദ്ധ നേടുകയും നിരവധി ഉപയോക്താക്കൾ ഇതിൽ രോഷം പ്രകടിപ്പിക്കുകയും സമാന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. “ക്ലബ് യൂറോപ്പിലും എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. അവർക്ക് മതിയായ ഭക്ഷണം ഇല്ലാത്തതിനാൽ ഞാൻ അപ്‌ഗ്രേഡ് ചെയ്തതാണെങ്കിൽ അവസാനം വരെ കാത്തിരിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിച്ചു. പക്ഷേ ഷാംപെയ്ൻ എല്ലാവർക്കും നൽകിയിരുന്നു” – ഒരാൾ കുറിച്ചു. “മുഴുവൻ വിലയീടാക്കിയ ബിസിനസ് ക്ലാസ് ടിക്കറ്റും അപ്‌ഗ്രേഡ് ലഭിച്ച ടിക്കറ്റും തമ്മിൽ ഒരു വ്യത്യാസവുമില്ല. ക്ലബ് വേൾഡ് എന്നാൽ ക്ലബ് വേൾഡ് ആണ്. ജീവനക്കാരൻ വെറും വർഗ്ഗീയവാദി ആണ്. ഇതിന് ടിക്കറ്റിന്‍റെ തരവുമായോ തുകയുമായോ ബന്ധമില്ല” – മറ്റൊരാൾ അഭിപ്രായപ്പെട്ടു.