സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് സാമ്പത്തിക ശാസ്ത്രത്തെ പ്രായോഗികതയോടെ സമീപിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും അധ്യാപകനുമായ പ്രൊഫസർ സി. ടി. കുര്യന് (93)വിട. ചൊവ്വാഴ്ച രാത്രി അന്തരിച്ച പ്രൊഫസർ കുര്യൻറെ ഭൗതികശരീരം നാളെ രാവിലെ 11. 30ന് അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്ന പുത്തൻകുരിശ് ഐറിൻ ഹോംസിൽ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു വരെ കൊച്ചി ബ്രോഡ് വേ സി എസ് ഐ ഇമ്മാനുവേൽ കത്തീഡ്രലിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം മൂന്ന് 30ന് എറണാകുളം സെമിത്തേരിമുക്ക് സി എസ് ഐ സെമിത്തേരിയിൽ.
ആസൂത്രണ കമ്മീഷനിലെ സാമ്പത്തിക വിദഗ്ധരുടെ പാനൽ അംഗമായും കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള പ്രൊഫസർ കുര്യൻ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അന്തരിച്ചത്.
1962 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രൊഫസറായി ചേർന്ന അദ്ദേഹം പിന്നീട് അവിടെ ധനശാസ്ത്ര വിഭാഗം തലവനായി. സിപിഎം പോളിറ്റിക് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ ഡോക്ടർ വി. കെ. രാമചന്ദ്രനും അടക്കം ഒട്ടേറെ പേർ പ്രൊഫസർ കുര്യൻറെ വിദ്യാർത്ഥികളായിരുന്നു.