ദില്ലി: കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവർ സന്ദർശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് അനിത ആനന്ദ് ബ്ലൂംബെർഗിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കിടെയാണ് അനിത ആനന്ദ് നയം വ്യക്തമാക്കിയത്. ഇന്ത്യയുമായും ചൈനയുമായും വ്യാപാര – നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് കാനഡയുടെ താത്പര്യം. ഇക്കഴിഞ്ഞ ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ക്രിയാത്മക നടപടി സ്വീകരിക്കാൻ ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 2023 ജൂൺ 18 ന് സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പിന്നീട് ഒക്ടോബറിലാണ് ഇന്ത്യക്കെതിരെ കടുത്ത നിലപാടുകളുമായി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നത്. ഇതേ തുടർന്ന് ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും കാനഡയിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. പിന്നാലെ കാനഡയും സമാന നിലപാടെടുത്തു. പക്ഷെ പിന്നീട് കാനഡയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയുണ്ടായി. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജയിച്ചുകയറി. ഇതോടെ കാനഡയുടെ നയതന്ത്ര നിലപാടിലും മാറ്റമുണ്ടായി.
ഭീകരവാദത്തിനെതിരായ പോരാട്ടം, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ തടയൽ, രഹസ്യ വിവര കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഎസ്‌ഐഎസ് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇത് ഖലിസ്ഥാൻ വാദികൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കാനഡ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദികളെ കുറിച്ച് ഇന്ത്യക്കുള്ള ആശങ്ക കാനഡയിലെ ലിബറൽ പാർട്ടി സർക്കാർ ഏത് നിലയിൽ പരിഗണിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.